തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത് 97 അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ. വിദ്യാഭ്യാസ വകുപ്പിന്റെ ശുപാർശ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു. 97ൽ 57 ബാച്ചും സർക്കാർ സ്കൂളിലാണെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞവര്‍ഷം അനുവദിച്ച 81 ബാച്ചുകള്‍ക്ക് പുറമേയാണ് 97 അധിക ബാച്ച് അനുവദിച്ചത്.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്ന മലബാറിലാണു അധിക ബാച്ചുകൾ ഏറെയും അനുവദിച്ചത്. മലപ്പുറം ജില്ലയിൽ 53 പുതിയ ബാച്ചുകൾ തുടങ്ങും. കാസർകോട് 15, കോഴിക്കോട് 11, കണ്ണൂർ 10, പാലക്കാട് 4, വയനാട് 4 എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ. ഒരു സപ്ലിമെന്ററി അലോട്മെന്റ് കൂടി നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. സംസ്ഥാനത്ത് ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം വടക്കൻ ജില്ലകളിൽ കൂടുതൽ അധിക ബാച്ചുകൾ അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.