പാലക്കാട് : വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു.
പരിഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച് നാളെ പരിഗണിക്കും.
നേരത്തെ വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് ജില്ലയിലെ ഉത്സവാഘോഷ കമ്മിറ്റികളും തീരുമാനിച്ചിരുന്നു. വിഷയത്തിലെ പ്രതിസന്ധി അവസാനിപ്പിക്കാൻ ഇടപെടണമെന്നു ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും കമ്മിറ്റികൾ തീരുമാനമെടുത്തു.
വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താനാകില്ലെന്ന് തിരുവമ്പാടി ദേവസ്വം വിധി വന്നതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണെന്നും നടപടിക്രമങ്ങൾ പാലിച്ചാണ് നടത്തുന്നതെന്നും ദേവസ്വം ജോ. സെക്രട്ടറി ശശിധരൻ പറഞ്ഞു. കോടതി വിധി ബാധകമാക്കിയാൽ നിയമവഴി തേടുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേരള ഹൈക്കോടതിയുടെ ഉത്തരവ് വിഡ്ഢിത്തരമാണെന്ന് വടക്കുന്നാഥൻ ഉപദേശകസമിതി പ്രതികരിച്ചു. ആരാധനാലയങ്ങളിൽ വെടിക്കെട്ട് നിരോധിച്ച ഉത്തരവിനെതിരെ പാറമേക്കാവ് ദേവസ്വവും രംഗത്തെത്തി.
കോടതി ഉത്തരവ് എല്ലാവരെയും കേട്ടിട്ടുള്ളതല്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. മതപരമായ കേന്ദ്രങ്ങളിൽ നിരോധിച്ചിട്ട് മറ്റിടങ്ങളിൽ അനുവദിക്കുന്നത് തുല്യ നീതിയല്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു.