തിരുവനന്തപുരം: വിവരാവകാശ കമ്മീഷണർമാരുടെ നിയമനത്തിനായി സർക്കാർ നൽകിയ പട്ടിക ഗവർണർ തിരിച്ചയച്ചു. മൂന്നുപേരുടെ പട്ടികയാണ് ഗവർണർ തിരിച്ചയച്ചത്. പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചു.
ഡോ. സോണിച്ചന്‍ പി ജോസഫ്, എം. ശ്രീകുമാർ, ടി.കെ. രാമകൃഷ്ണന് എന്നിവരുടെ പേരുകളാണ് സർക്കാർ ശുപാർശചെയ്തിരുന്നത്. എന്നാൽ പട്ടികയിലെ പേരുകാർക്കെതിരേ സാമ്പത്തിക ക്രമക്കേട് അടക്കമുള്ള ആരോപണങ്ങൾ ലഭിച്ചിരുന്നു. ഈ പരാതികളുടെ സത്യാവസ്ഥയറിയാൻ ഗവർണർ വിജിലൻസ് ക്ലിയറൻസ് നിർദേശിച്ചിരുന്നു. തുടർന്ന് പരാതിയിൽ വാസ്തവമുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് ഗവർണർ പട്ടിക തിരിച്ചയച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയുമടങ്ങിയ സമിതിയാണ് മൂന്നുപേരുടെ പട്ടിക ശുപാർശചെയ്തത്.