ബില്ലുകള്‍ പ്രസിഡന്റിന് അയച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്സഭ മുന്‍ സെക്രട്ടറി ജനറല്‍ പിഡിടി ആചാരി. രണ്ട് വര്‍ഷം പിടിച്ചുവച്ചതിനു ശേഷം പ്രസിഡന്റിന് അയച്ചതിലൂടെ ഗവര്‍ണര്‍ പ്രതികാരം ചെയ്യുകയാണെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സില്‍ സംസാരിക്കുകയായിരുന്നു പിഡിടി ആചാരി.
രണ്ട് വര്‍ഷത്തിനു ശേഷമാണ് ഗവര്‍ണര്‍ ബില്ലുകള്‍ പ്രസിഡന്റിന് അയച്ചത്. ഇത് ഭരണഘടനയ്ക്ക് എതിരാണ്. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ബില്ലിന് അംഗീകാരം നല്‍കുകയോ തിരിച്ചയക്കുകയോ അല്ലെങ്കില്‍ പ്രസിഡന്റിന് അയക്കുകയോ ആണ് ചെയ്യേണ്ടത്. ബില്‍ പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ഥിക്കുന്ന സന്ദേശം സഹിതം ഗവര്‍ണര്‍ക്ക് തിരിച്ചയക്കാം. ഈ സംഭവത്തില്‍ ഗവര്‍ണര്‍ പ്രതികാരം ചെയ്യുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്.- പിഡിടി ആചാരി പറഞ്ഞു.
ഒരു ബില്‍ രാഷ്ട്രപതിക്ക് അയച്ചുകഴിഞ്ഞാല്‍, ഒന്നുകില്‍ സമ്മതം നല്‍കുകയോ നിരസിക്കുകയോ ചെയ്യാം. ബില്ലില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ രാഷ്ട്രപതി ആഗ്രഹിക്കുന്നുവെങ്കില്‍, അത് നിയമസഭയിലേക്ക് തിരിച്ചയക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടും. നിയമസഭ ബില്‍ പുനഃപരിശോധിച്ച ശേഷം, അതേ രൂപത്തില്‍ തന്നെ ബില്‍ തിരികെ അയച്ചാല്‍, രാഷ്ട്രപതി അത് പരിഗണിക്കും. അതാണ് ഭരണഘടന പറയുന്നത്. രാഷ്ട്രപതിക്ക് ബില്ലിന് അനുവാദം നല്‍കാതിരിക്കാനാവും എന്നാല്‍ ഗവര്‍ണറുടെ കാര്യം അങ്ങനെയല്ല. അതേ ബില്‍ സര്‍ക്കാര്‍ തിരിച്ചയച്ചാല്‍ ഒപ്പിടാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. നിലവില്‍ കേരള സര്‍ക്കാരിന് രാഷ്ട്രപതി ബില്ലുകള്‍ പരിഗണിക്കുന്നത് കാത്തിരിക്കുകയേ നിര്‍വാഹമുള്ളൂ.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍മാരുടെ ചുമതലകള്‍ ഭരണഘടന വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. മന്ത്രിമാരുടെ ഉപദേശവും സഹായവും അനുസരിച്ചു മാത്രമേ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയൂ എന്നാണ് അതില്‍ പറയുന്നത്. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഭരണനിര്‍വഹണം നടത്തുക എന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ബില്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മാത്രമല്ല മന്ത്രിമാരെ പിന്‍വലിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല. ഒരു പ്രത്യേക നിയമനിര്‍മ്മാണ നടപടിയുടെയോ എക്സിക്യൂട്ടീവ് നടപടിയുടെയോ ഭരണഘടനാ സാധുത പരിശോധിക്കേണ്ടത് ഗവര്‍ണറല്ല, കോടതിയാണ്. അത് ഗവര്‍ണറുടെയോ രാഷ്ട്രപതിയുടെയോ അധികാരമല്ല. അത് ജുഡീഷ്യറിയുടെ മേഖലയാണ്. ഒരു നടപടി ഭരണഘടനാപരമായി സാധുതയുള്ളതാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് ജുഡീഷ്യറി മാത്രമാണ്.- ആചാരി പറഞ്ഞു.
സംസ്ഥാനം സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പ്രശ്നങ്ങള്‍ പുതിയ ട്രെന്‍ഡാണെന്നാണ് ആചാരി വ്യക്തമാക്കുന്നത്. മുന്‍പ് ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരുന്നില്ല. ഗവര്‍ണറും സര്‍ക്കാരും തമില്‍ ചെറിയ ഉരസലുകള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ രണ്ട് മൂന്ന് വര്‍ഷം ബില്ലുകള്‍ പിടിച്ചുവെക്കുന്നത് അസാധാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.