ന്യൂഡൽഹി : രാജ്ഭവനിൽ ഗവർണറുടെ തീരുമാനം കാത്ത് കിടക്കുന്ന ബില്ലുകളുടെ എണ്ണം 16 ആയെന്നു സുപ്രീം കോടതിയിൽ വ്യക്തമാക്കി കേരളം. എട്ട് ബില്ലുകളുടെ പട്ടിക കൂടി കേരളം സുപ്രീം കോടതിക്ക് കൈമാറി. സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെകെ വേണുഗോപാലാണ് ഇക്കാര്യം സുപ്രീം കോടതിയിൽ അറിയിച്ചത്.
15ാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം പാസാക്കിയ ഭൂപതിവ് ഭേദഗതി ബിൽ ഉൾപ്പെടെ എട്ട് ബില്ലുകൾ കൂടി വൈകിപ്പിക്കുന്നുവെന്നാണ് ആരോപണം. ഈ ബില്ലുകളിലും ഉടൻ തീരുമാനം ഉണ്ടാകണമെന്നും കേരളം ആവശ്യപ്പെട്ടു.
കേരള സഹകരണ സംഘം മൂന്നാം ഭേദഗതി 2022, കേരള ക്ഷീര കർഷക ക്ഷേമ നിധി ഭേദഗതി 2023, കേരള അബ്കാരി ഭേദഗതി 2023, കേരള കെട്ടിട നികുതി ഭേദഗതി 2023, കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ രണ്ടാം ഭേദഗതി 2023, നെൽവയൽ, തണ്ണീർത്തട സംരക്ഷണ ഭേദഗതി 2023, ധന വിനിയോഗം 2023 ഉൾപ്പെടെയുള്ള ബില്ലുകളുടെ പട്ടികയാണ് പുതിയതായി നൽകിയിരിക്കുന്നത്.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന് സെക്രട്ടറിയോട് പരമോന്നത കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം മറുപടി അറിയിക്കാനും ഏജിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്നതായിരുന്നു കോടതി ഉത്തരവ്.
പഞ്ചാബിലേതിന് സമാനമായ കാര്യമാണ് കേരളത്തിലും നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരരായ അഭിഭാഷകന് കെകെ വേണുഗോപാല്‍ കോടതിയെ ധരിപ്പിച്ചപ്പോഴാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറെ കണ്ടിട്ടിട്ടും ഇതുവരെയും ബില്ലില്‍ ഒപ്പിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.