തിരുവനന്തപുരം : ഗവര്‍ണറുടെ ‘പാപ്പാഞ്ഞി’ മാതൃകയിലുള്ള കോലം കത്തിച്ചുളള എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ ആരിഫ് മുഹമ്മദ് ഖാന്. തന്റെ കോലം കത്തിച്ചതില്‍ അത്ഭുതമില്ലെന്നും കണ്ണൂരില്‍ പലരെയും സിപിഎമ്മുകാര്‍ ജീവനോടെ കത്തിച്ചില്ലേയെന്നും ഗവര്‍ണര്‍ പറഞ്ഞു. തനിക്കെതിരായ എസ്എഫ്ഐയുടെ പ്രതിഷേധം അവരുടെ സംസ്കാരമാണ് കാണിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തനിക്കെതിരായ പ്രതിഷേധത്തിന് അനുമതി നല്‍കുന്നത് മുഖ്യമന്ത്രിയും മന്ത്രിമാരുമാണ്. അക്രമികളെ മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നു. ഇത് മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്നു. ബില്ലുകളില്‍ വ്യക്തത വരുത്തിയാല്‍ ഒപ്പിടുമെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വച്ച് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
വൈക്കോലും വെള്ളത്തുണിയും കൊണ്ടു നിര്‍മിച്ച, 30 അടി ഉയരമുള്ള കോലമാണു പയ്യാമ്പലം ബീച്ചില്‍ കത്തിച്ചത്. ഗവര്‍ണര്‍ സര്‍വകലാശാലകളെ കാവിവല്‍ക്കരിക്കുന്നു, എസ്എഫ്ഐയുടെ സമരത്തെയും കണ്ണൂരിനെയും അധിക്ഷേപിച്ചു എന്നീ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം.