തിരുവനന്തപുരം : നിയമസഭ പാസാക്കിയ നാല് സുപ്രധാന ബില്ലുകളിന്മേൽ തീരുമാനം രാഷ്ട്രപതിക്ക് വിട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നാളെ ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. ലോകായുക്ത ബില്‍, സര്‍വകലാശാല ഭേദഗതി ബില്‍, ചാന്‍സലര്‍ ബില്‍, സഹകരണ നിയമഭേദഗതി ബില്‍ എന്നിവയാണ് ഗവർണർ രാഷ്ട്രപതിക്ക് വിട്ടത്.
ഇക്കാര്യം നാളെ ഗവർണറുടെ സെക്രട്ടറി കോടതിയെ അറിയിക്കും. ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കാൻ വൈകുന്നതിനെതിരെയായിരുന്നു സർക്കാർ കോടതിയെ സമീപിച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ പലതും ഒരു വര്‍ഷത്തോളം ഗവര്‍ണര്‍ ഒപ്പുവെയ്ക്കാതെ ഇരിക്കുകയായിരുന്നു.
ഇപ്പോൾ എട്ടില്‍ നാല് ബില്ലുകളാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് വിട്ടത്. ഇതില്‍ രണ്ടെണ്ണം ഗവര്‍ണറുടെ അധികാരത്തെ ബാധിക്കുന്നതാണ്. ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ നീക്കാനുള്ള ബില്ലാണ് – ചാന്‍സലര്‍ ബിൽ, മറ്റൊന്ന് വിസി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം കുറയ്ക്കാനുള്ള ബില്ലാണ്- സര്‍വകലാശാല ഭേദഗതി ബില്‍.
നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നൽകിയിട്ടുണ്ട്. രാഷ്ട്രപതിക്ക് ബില്ല് വിടുകയാണെങ്കില്‍ ഇതിന് സമയപരിധി നിശ്ചയിക്കാന്‍ കഴിയില്ല. സര്‍ക്കാരിനും ബില്ലിന് മേല്‍ യാതൊരു വിധത്തിലുള്ള നിയമനടപടികളും കൊണ്ടു വരാന്‍ കഴിയില്ല. ഇനി രാഷ്ട്രപതി ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. അതനുസരിച്ചാകും തുടര്‍ നടപടി.