തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ ജൂനിയര്‍ അഭിഭാഷക അഡ്വ. ശ്യാമിലിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം അത്യന്തം ഗൗരവതരമെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ഗൗരവമായ അച്ചടക്കലംഘനത്തിന് ബാര്‍ കൗണ്‍സില്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിക്കേറ്റ അഭിഭാഷക ശ്യാമിലിയെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിയമമന്ത്രി.
ജ്യാമമില്ലാ വകുപ്പ് ചുമത്തി സീനിയര്‍ അഭിഭാഷകന് പൂന്തുറ ആലുകാട് ദാസ്ഭവനില്‍ വൈ ബെയ്ലിന് ദാസിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. വളരെ ഗൗരവമേറിയ സംഭവമാണിത്. പൊലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബാര്‍ കൗണ്‍സില്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ ബാര്‍ കൗണ്‍സിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചവരും നിയമത്തിന്റെ പരിധിയില്‍ വരണം. പൊലീസ് സ്ഥലത്ത് എത്തുന്നതിനുമുമ്പ് രക്ഷപ്പെടാനുള്ള അവസരം മറ്റ് അഭിഭാഷകര്‍ ഒരുക്കിട്ടുണ്ടെങ്കില് അക്കാര്യവും പൊലീസ് അന്വേഷിക്കും. തെറ്റായ നടപടിയാണ് അഭിഭാഷകരുടെ ഭാഗത്തുനിന്നുണ്ടായത്. അഭിഭാഷകര്‍ അടിയേറ്റ യുവതിക്കൊപ്പമായിരുന്നു നില്‍ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ജൂനിയര്‍ അഭിഭാഷകര്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരാണ് ഇതെന്നും രാജീവ് പറഞ്ഞു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തിട്ടുണ്ട്. വേറെ പരാതി വന്നാല്‍ അതും പൊലീസ് ഗൗരവമായി പരിശോധിക്കും. കോടതികളില്‍ ഇന്റേണല്‍ കമ്മിറ്റികള്‍ വേണോ എന്നുള്ളത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, വഞ്ചിയൂര്‍ കോടതിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന് ബെയ്ലിന് ദാസിനെ ഉടന്‍ പിടികൂടണമെന്ന് പരിക്കേറ്റ അഭിഭാഷക ശ്യാമിലി പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ പരാതിയില്ലെന്നും നീതി ലഭിക്കുംവരെ പോരാട്ടം തുടരുമെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അപാകതയുള്ളതായി തോന്നുന്നില്ലെന്ന് ശ്യാമിലി പറഞ്ഞു. അടിയില്‍ പൊട്ടലില്‍ ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. കുഞ്ഞിന് പാല് കൊടുക്കുന്നതിനാല്‍ ഓവര്‍ഡോസ് മരുന്ന് തന്നിട്ടില്ല. നല്ലവേദനയുള്ളതിനാല്‍ സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. എത്രയും വേഗം പ്രതിയെ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാര്‍ കൗണ്‍സിലിന് ഇന്നലെ തന്നെ പരാതി നല്‍കിയതായും അവരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചതായും കൂടെ നിന്നവരോട് നന്ദിയെന്നും ശ്യാമിലി പറഞ്ഞു.
ഇന്നലെ ഓഫിസില്‍ നിന്നും പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമായിരുന്നു. തെറ്റ് ചെയ്ത ആളായാതിനാല്‍ അവിടെ വച്ച് അറസ്റ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ഓഫീസില്‍ വച്ച് അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് അസോസിയേഷന് അറിയിച്ചു. അതില്‍ നീതി നിഷേധം ഉള്ളതായി തോന്നിയിട്ടില്ല. ബാര്‍ അസോസിയേഷന് സെക്രട്ടറിയുടെ അടുത്തായാളാണ് ബെയ്ലിന്‍ദാസെന്നും ശ്യാമിലി പറഞ്ഞു.
താന്‍ ഒരു അഭിഭാഷയാകുന്നത് വീട്ടില്‍ ആര്‍ക്കും ഇഷ്ടമായിരുന്നില്ല. എന്‍ട്രന്‍സ് പരീക്ഷയെഴുതാന്‍ പോലും വീട്ടുകാര്‍ അനുവദിച്ചില്ല. മാനേജ്മെന്റ് ക്വാട്ടയില്‍ സീറ്റ് വാങ്ങിയാണ് പഠിച്ചത്. അത്രയേറേ ഈ ജോലി താന്‍ ഇഷ്ടപ്പെട്ടിരുന്നു. ഫസ്റ്റ് ക്ലാസോടെയാണ് പാസായത്. പ്രസവത്തിന്റെ തലേന്ന് വരെ കോടതിയില്‍ പോയിട്ടുണ്ട്. ആര്‍ക്കും തന്നെ പറ്റി ഒരുമോശം അഭിപ്രായം ഇല്ല. ഒരു ദിവസം പെട്ടെന്ന് തന്നോട് ഓഫീസില്‍ വരേണ്ട എന്ന് പറഞ്ഞു. മൂന്ന് വര്‍ഷം ജോലി ചെയ്ത തന്നെ എന്തിനാണ് പിരിച്ചുവിട്ടതെന്ന് ചോദിച്ചു. രണ്ടുദിവസം കഴിഞ്ഞ് സാര്‍ സോറി പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ ഗര്‍ഭിണിയായ സമയത്തും മര്‍ദിച്ചിരുന്നു. അന്ന് ആരും കാണാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്. ഇന്നലെ മര്‍ദിച്ചത് ഓഫീസിലെ മറ്റുള്ളവരുടെ മുന്നില്‍ വച്ചായിരുന്നെന്നും അവരെല്ലാം അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിന്നുപോയെന്നും ശ്യാമിലി പറഞ്ഞു.
തന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ ഇട്ടിട്ടുള്ളത്. കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കാമോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെയ്യും. പ്രതിയെ അടിയന്തരമായി പിടികൂടണം. ബാര്‍ അസോസിയേഷനില്‍ നിന്ന് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ യൂണിഫോം ഊരിവെപ്പിക്കുന്ന നടപടികള്‍ ബാര്‍ അസോസിയേഷന്റെയു കൗണ്‍സിലിന്റെയും ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ ബെയ്ലിന് ദാസിനെ ബാര്‍ അസോസിയേഷന് സസ്പെന്‍ഡ് ചെയ്തിരുന്നു. രണ്ടു ജൂനിയര്‍ അഭിഭാഷകര്‍ തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിന് ദാസ് തന്റെ ജൂനിയറായ ശ്യാമിലി എന്ന അഭിഭാഷകയെ മര്‍ദിച്ചതെന്നാണു പരാതി. മര്‍ദനമേറ്റ ജൂനിയര്‍ അഭിഭാഷകയ്ക്കൊപ്പമാണെന്ന് ബാര്‍ അസോസിയേഷന് പ്രസിഡന്റ് പള്ളിച്ചല്‍ പ്രമോദ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ നടപടി ആവശ്യമാണെന്നു തോന്നിയതു കൊണ്ടാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി. കോടതി വളപ്പിനുള്ളില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജൂനിയര്‍ അഭിഭാഷകയായ ശ്യാമിലിയെ സീനിയര്‍ അഭിഭാഷകനായ ബെയ്ലിന് ദാസ് ക്രൂരമായി ആക്രമിച്ചത്. മുഖത്ത് സാരമായി പരുക്കേറ്റ ശ്യാമിലി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.