കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്.
എട്ടു കേസുകളില്‍ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമ്പൂര്‍ണ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ പലതും ക്രിമിനല്‍ കേസ് എടുക്കാവുന്നതാണെന്ന് ഡിവിഷന് ബഞ്ച് കഴിഞ്ഞ തവണ നിരീക്ഷിച്ചിരുന്നു. തെളിവുകളും കൃത്യമായ പരാതികളും ഉണ്ടെങ്കില്‍ കേസെടുത്ത് അന്വേഷണസംഘത്തിന് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു