തിരുവനന്തപുരം : ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ സമരത്തിലേക്ക്. നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം നടത്തും.
ഫെബ്രുവരി മാസത്തെ ശമ്പളം അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ നാളെ മുതല്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറിക്ക് മുന്നിലും ജില്ലാ ട്രഷറിക്ക് സമീപമുള്ള സെക്രട്ടേറിയറ്റ് ഗേറ്റിലും അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ ബഹുഭൂരിപക്ഷം ജീവനക്കാര്‍ക്കും ശമ്പളം ലഭിച്ചിട്ടില്ല. കുറച്ചുപേര്‍ക്ക് മാത്രമാണ് ശമ്പളം ലഭിച്ചത്. എല്ലാവര്ക്കും ഫെബ്രുവരിയിലെ ശമ്പളം ഉടന്‍ തന്നെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
സെക്രട്ടേറിയറ്റിലെ ഫിനാന്‍സ് സെക്രട്ടേറിയറ്റ്, ലോ സെക്രട്ടേറിയറ്റ്, ലെജിസ്ലേറ്റീവ് സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിലെ യുഡിഎഫ് അനുകൂല സംഘടനകളാണ് സമരത്തില്‍ പങ്കെടുക്കുക. ആക്ഷന്‍ കൗണ്‍സിലിനെ പിന്തുണച്ച് യുഡിഎഫ് അനുകൂല എന്‍ജിഒ സംഘടനകളും സമരത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും ഇവരുടേയും സമരം എന്നാണ് അറിയുന്നത്.