തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ഏകീകരണവുമായി ബന്ധപ്പെട്ട നിർണായക സുരക്ഷാ ഏകോപന യോഗം ഇന്നു നടക്കും. സുരക്ഷാ വിഭാഗം ഐജിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സിആർപിഎഫ് ബംഗളൂരു യൂണിറ്റ് കമാന്റന്റ് അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്. കേന്ദ്ര- സംസ്ഥാന സേനാ വിഭാഗങ്ങളുടെഡബിൾ ലെയർ പ്രൊട്ടക്ഷനാണ് ഇനി ഗവർണർക്ക് ലഭിക്കുക.
ബംഗളൂരുവിൽ നിന്നുള്ള 45 അംഗ സിആർപിഎഫ് സംഘമാണ് ഗവർണറുടെ സുരക്ഷ ഒരുക്കുന്നത്. ഇതോടൊപ്പം കേരള പൊലീസും ഗവർണർക്കു സുരക്ഷാ കവചമൊരുക്കും. വ്യക്തിപരമായ സുരക്ഷ കേന്ദ്രസേനയും പുറമേയുള്ള സുരക്ഷ കേരള പൊലീസുമാകും നിർവഹിക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാകും സുരക്ഷാ യോഗത്തിൽ അന്തിമ തീരുമാനമെടുക്കുക. സഞ്ചാരപാതയിലും ഔദ്യോഗിക വസതിയായ രാജ്ഭവന്റെ പുറമേയുള്ള സുരക്ഷയും സംസ്ഥാന പൊലീസ് നിർവഹിക്കും കഴിഞ്ഞ ശനിയാഴ്ച കൊല്ലം നിലമേലിലുണ്ടായ പ്രതിഷേധത്തിനു പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യിക്കുന്നതിനായി ഗവർണർക്ക് റോഡിൽ കുത്തിയിരിക്കേണ്ട സാഹചര്യമുണ്ടായതിനു പിന്നാലെയാണ് ഗവർണർക്ക് അതിവിശിഷ്ട വ്യക്തികൾക്കുള്ള സെഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തിയതും മുഖ്യ സുരക്ഷാ ചുമതല സിആർപിഎഫ് ഏറ്റെടുത്തതും.