തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ ദുരൂഹ മരണത്തില്‍ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സിദ്ധാര്‍ഥിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
മാതാപിതാക്കളുടെ ദുഃഖത്തില്‍ താനും പങ്കുചേരുകയാണ്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍നടപടിക്കായി പരാതി ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിലെ ചില കക്ഷികള്‍ അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. സിദ്ധാര്‍ഥിന്റെ മരണത്തില്‍ എസ്എഫ്ഐയുടെ പങ്ക് വ്യക്തമാണ്.
കേരളത്തില്‍ അക്രമം പ്രോത്സാഹിപ്പിച്ച് ചിലര്‍ യുവാക്കളുടെ ഭാവി തകര്‍ക്കുകയാണ്. മുതിര്‍ന്ന നേതാക്കള്‍ ഇതിന് കൂട്ട് നില്ക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് എങ്ങനെയാണ് ഇത്രയധികം അക്രമം പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെയാണെന്നും ഗവര്‍ണര്‍ ചോദിച്ചു.ടിപി ചന്ദ്രശേഖരന് വധക്കേസ് ഇതിനൊരു ഉദാഹരണമാണ്. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്.
അക്രമം മൂലമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമ്യൂണിസം തകര്‍ന്നത്. നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ ഇപ്പോഴും കമ്യൂണിസം നിലനില്ക്കുന്നു. കേരളം സമ്പൂര്‍ണ്ണ സാക്ഷരതയടക്കമുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.