മലപ്പുറം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.ടി മോഹനകൃഷ്ണന്റെ അനുസ്മരണ സമ്മേളനത്തിൽ ഗവർണറെ ക്ഷണിച്ചതിൽ മലപ്പുറം കോൺഗ്രസിൽ തർക്കം തുടരുന്നു. പരസ്യമായി സംഘ്പരിവാറിനായി വാദിക്കുന്ന ഗവർണറെ പങ്കെടുപ്പിച്ച് പരിപാടി നടത്തരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. ഗവർണർ പങ്കെടുക്കുന്നത് വിവാദമാക്കേണ്ടതില്ലെന്ന് പി.ടി മോഹനകൃഷ്ണന്റെ മകനും യു.ഡി.എഫ് ജില്ലാ ചെയർമാനുമായ പി.ടി അജയമോഹൻ പറഞ്ഞു.
ജനുവരി 10ന് പൊന്നാനിയിലാണ് പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനം നടക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടകൻ. സംഘ്പരിവാറിനായി പ്രവർത്തിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ മതേതരത്വത്തിനായി പ്രവർത്തിച്ച പി.ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ ഫേസ്ബുക്കില്‍ രംഗത്തെത്തി. ഇതിനു പിന്നാലെ വിശദീകരണവുമായി യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയമോഹനുമെത്തി. ഐ ഗ്രൂപ്പിന്റെ ശക്തനായ വക്താവാണ് പി.ടി അജയമോഹൻ. ഗവർണറെത്തുമ്പോൾ പ്രതിഷേധിക്കാനും ഒരു വിഭാഗം നേതാക്കൾ ആലോചിക്കുന്നുണ്ട്. പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പ്രഭാഷണത്തിന് ഗവർണറെ ക്ഷണിച്ചത് പിന്നാലെ വലിയ തർക്കങ്ങളാണ് നടക്കുന്നത്.