തിരുവനന്തപുരം: കേരളത്തിൽ നിയമവാഴ്ചയില്ലാത്തതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൊലീസിനെ മുഖ്യമന്ത്രി രാഷ്ട്രീയകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും തിരുവനന്തപുരത്തെ കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടിയെ വിമർശിച്ച് ഗവർണർ പറഞ്ഞു. തനിക്ക് ലഭിച്ച ആകെ ഭീഷണി സിപിഎമ്മിൽ നിന്നും എസ്എഫ്ഐയിൽ നിന്നും മുഖ്യമന്ത്രിയിൽ നിന്നുമാണ്. ഇത്തരത്തിലുള്ള ഗുണ്ടകളുടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. കേരളത്തിലെ ജനങ്ങളിൽ നിന്ന് ഒരു ഭീഷണിയും തനിക്കുണ്ടായില്ല. കോഴിക്കോട്ടെ തിരക്കേറിയ മാർക്കറ്റ് അത് തെളിയിച്ചുതന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളാ പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണെന്നും എന്നാൽ അവരെ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ അനുവദിക്കുന്നില്ലെന്നും ഗവർണർ ആരോപിച്ചു.നേരത്തെ, കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ പ്രസംഗത്തിനു ശേഷം വി.ഡി. സതീശൻ പ്രസംഗം ആരംഭിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടിയുണ്ടായത്. മാർച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. നേതാക്കൾക്കും പ്രവർത്തകൾക്കും നേരെ ജലപീരങ്കി പ്രയോഗവും കണ്ണീർവാതക പ്രയോഗവുമുണ്ടായി. എട്ടുതവണയാണ് പൊലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചത്. ഇതോടെ, നേതാക്കൾ അസ്വസ്ഥത പ്രകടിപ്പിച്ച് സ്ഥലത്തുനിന്ന് മാറി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ. സുധാകരനെ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിനു പിന്നാലെ പൊലീസിനു നേരെ കല്ലേറുണ്ടായി.