തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തെ ബാഹ്യ ഇടപെടലുകള്‍ അക്കാദമിക മേഖലയെ മലിനമാക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിന് അനിവാര്യമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തില്‍ ആശംസകളോടെയായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. മലയാളത്തിൽ പ്രസംഗം ആരംഭിച്ച ഗവർണർ മുഖ്യമന്ത്രിയെ പേരെടുത്ത് വിളിച്ച് അഭിസംബോധന ചെയ്തു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം എഴുതിത്തയാറാക്കിയ പ്രസംഗം അവതരിപ്പിച്ചത്. വിയോജിപ്പുകള്‍ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. അധികാരത്തിന് വേണ്ടിയുള്ള മത്സരം ഭരണനിര്‍വഹണത്തെ ബാധിക്കരുത്. കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങളും ഗവര്‍ണര്‍ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഇന്ത്യയെ സൂപ്പര്പവറാക്കിയത് നരേന്ദ്രമോദിയാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംബന്ധിച്ചു. തൊട്ടടുത്ത് ഇരുന്നിട്ടും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മിണ്ടിയില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും ഗൗനിക്കാതെ മുഖ്യമന്ത്രി മന്ത്രിമാരോട് കുശലം പറഞ്ഞിരുന്നു. ഇന്നലെ നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോഴും ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം സംസാരിച്ചിരുന്നില്ല.