ന്യൂഡല്‍ഹി: ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീർ നിയോഗിക്കപ്പെട്ടാലും ലോകകപ്പിന് ശേഷമുള്ള ആദ്യ പര്യടനത്തിൽ മറ്റൊരാൾ ടീമിനെ പരിശീലിപ്പിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ സിംബാബ്വെ പര്യടനത്തില്‍ ഗംഭീര്‍ ടീമിനെ അനുഗമിക്കില്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത് . ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ പര്യടനം സിംബാബ്വെയിലേക്കാണ്. ഈ പരമ്പരയില്‍ സിംബാബ്വെയിലേക്ക് ടീം ഇന്ത്യയുടെ പരിശീലകനായി പോകുന്നത് നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ വിവിഎസ് ലക്ഷ്മണാകുമെന്നാണ് വിവരം.
ടി20 ലോകകപ്പിന്റെ ഫൈനല്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ സിംബാബ്വെ പര്യടനം ആരംഭിക്കുന്നത്. ജൂലൈ ആറാം തീയതി തുടങ്ങുന്ന പരമ്പരയില്‍ അഞ്ച് ടി20 മത്സരങ്ങളാണ് ഇന്ത്യയും സിംബാബ്വെയും തമ്മില്‍ കളിക്കുക. ജൂലൈ 6, 7, 10, 13, 14 തീയതികളിലാണ് പരമ്പരയിലെ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം വൈകിട്ട് 4.30 നാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ഇന്ത്യയുടെ പുതിയ പരിശീലകനായി ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്ന ഗൗതം ഗംഭീറിന്റെ ടീമിനൊപ്പമുള്ള ആദ്യ പരമ്പര ശ്രീലങ്കയ്ക്ക് എതിരെയാകുമെന്നാണ് റിപ്പോര്‍ട്ട്. സിംബാബ്വെ പര്യടനം കഴിഞ്ഞെത്തുന്ന ടീം ഇന്ത്യ ജൂലൈ പകുതിക്ക് ശേഷമാകും ശ്രീലങ്കന്‍ പര്യടനം നടത്തുക. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്ന സാഹചര്യത്തില്‍ പകരം ഗംഭീര്‍ എത്തുമെന്നാണ് നിലവിലെ സൂചന. ഗംഭീറുമായുള്ള അഭിമുഖം കഴിഞ്ഞതായും പ്രഖ്യാപനം ഉടനുണ്ടാകുമെന്നുമാണ് വിവരം.