ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നന് എന്ന നേട്ടം വീണ്ടും സ്വന്തമാക്കി അദാനി ഗ്രൂപ്പ് ചെയര്മാന് ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് 11.6 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനിയും കുടുംബവും ഒന്നാം സ്ഥാനത്ത് എത്തിയത്. 10.14 ലക്ഷം കോടി രൂപ ആസ്തിയുമായി മുകേഷ് അംബാനിയും കുടുംബവും രണ്ടാമതാണ്. 2024 ജൂലൈ 31 വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഹുറൂണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടിക പുറത്തുവിട്ടത്.
3.14 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്സിഎല്‍ ഗ്രൂപ്പ് സാരഥി ശിവ് നാടാരും കുടുംബവുമാണ് മൂന്നാം സ്ഥാനത്ത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി സൈറസ് എസ് പൂനാവാലയും കുടുംബവും 2.89 ലക്ഷം കോടിയുമായി നാലാംസ്ഥാനത്തെത്തി. സണ്‍ ഫാര്‍മ മേധാവി ദിലീപ് സാങ്വി (2.49 ലക്ഷം കോടി രൂപ), ആദിത്യ ബിര്‍ല ഗ്രൂപ്പ് മേധാവി കുമാര്‍ മംഗളം ബിര്‍ലയും കുടുംബവും (2.35 ലക്ഷം കോടി രൂപ), ഹിന്ദുജ ഗ്രൂപ്പിലെ ഗോപിചന്ദ് ഹിന്ദുജയും കുടുംബവും (1.92 ലക്ഷം കോടി രൂപ), അവന്യു സൂപ്പര്‍മാര്‍ട്ട് സാരഥി രാധാകിഷന്‍ ധമാനിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), വിപ്രോ മേധാവി അസിം പ്രേംജിയും കുടുംബവും (1.90 ലക്ഷം കോടി രൂപ), ബജാജ് ഗ്രൂപ്പിലെ നിരജ് ബജാജും കുടുംബവും (1.62 ലക്ഷം കോടി രൂപ) എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ശതകോടീശ്വരന്മാര്.
ബോളിവുഡ് സൂപ്പര്‍താരം ഷാറുഖ് ഖാന് ആദ്യമായി ഹുറൂണ്‍ പട്ടികയില്‍ ഇടം നേടിയെന്ന പ്രത്യേകതയുണ്ട്. അന്‍പത്തിയെട്ടുകാരനായ ‘കിങ് ഖാന്റെ’ ആസ്തി 7,300 കോടി രൂപയാണെന്നും പട്ടിക വ്യക്തമാക്കുന്നു. പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പ്രവാസി ഇന്ത്യക്കാരില്‍ എട്ടാംസ്ഥാനത്താണ്.