കൊച്ചി : സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പിഴയൊടുക്കണമെന്ന് കസ്റ്റംസ് പ്രിവന്റിവ് കമ്മിഷണറുടെ ഉത്തരവ്. സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കര്‍ ഉള്‍പ്പെടെ പ്രതികള്‍ പിഴ അടയ്ക്കണം.
സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ രണ്ടു മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് കസ്റ്റംസ് പിഴ ചുമത്തിയത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബി, മുന്‍ അഡ്മിന് അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്മേയി, പിഎസ് സരിത്, സന്ദീപ് നായര്‍, കെടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം.
ഡോളര്‍ കടത്തില്‍ സ്വപ്നാ സുരേഷ്, എം ശിവശങ്കര്‍, സരിത്ത്, സന്ദീപ് എന്നിവര്‍ക്കാണ് 65 ലക്ഷം വീതമുള്ള പിഴയിട്ടത്. യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടി പിഴ ചുമത്തി. ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.3 കോടിയാണ് പിഴ അടയ്ക്കേണ്ടത്.
എം ശിവശങ്കര്‍ സ്വര്‍ണം കടത്തിയതിനും ഡോളര്‍ക്കടത്തിലും സൂത്രധാരനായി പ്രവര്‍ത്തിച്ച് പങ്കാളിയായിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. പ്രതികള്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാന്‍ മൂന്നു മാസത്തേക്ക് സമയം അനുവദിച്ചിട്ടുണ്ട്.