കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സകല റെക്കോഡുകളും ഭേദിച്ച് മുന്നേറുന്നു. ഇന്ന് പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഇതോടെ, പവന് 51,680 രൂപയിലും ഗ്രാമിന് 6,460 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 5,400 രൂപയായി.
ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 75 രൂപയും ഒരു പവന് സ്വര്‍ണത്തിന് 600 രൂപയും കൂടിയിരുന്നു. കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്. ഈ മാസം ഒന്നിന് 680 രൂപ കൂടിയപ്പോൾ രണ്ടിന് 200 രൂപ കുറയുകയാണുണ്ടായത്. തുടർന്നാണ് ബുധനാഴ്ച 600 രൂപ വര്‍ധിച്ച് 51,000 കടന്നത്. രണ്ടുദിവസത്തിനിടെ ആയിരം രൂപയാണ് വര്‍ധിച്ചത്. ഈ വര്‍ഷം ഇതുവരെയുള്ള വര്‍ധന 5,160 രൂപയാണ്.
ആഗോളവിപണിയില്‍ സ്വര്‍ണവില കൂടുന്നതും കൂടുതൽപേർ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കാണുന്നതുമാണ് വിലയിൽ പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വർണവില 2,300 ഡോളറും കടന്ന് മുന്നോട്ടുപോകുകയാണ്.അതേസമയം, വെള്ളിവിലയിലും വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരുരൂപ വര്‍ധിച്ച് 85 രൂപയിലെത്തി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്