സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. വ്യാഴാഴ്ച പവന്റെ വില 800 രൂപ കൂടി 49,440 രൂപയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണവിലയിലെ മെല്ലെപ്പോക്കിന് പിന്നാലെയാണ് ഇന്ന് വലിയ കുതിപ്പുണ്ടായത്. 48,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഇതോടെ 20 ദിവസംകൊണ്ട് പവന്റെ വിലയിൽ 3,120 രൂപയുടെ വർധനവാണുണ്ടായി. ഒരുവർഷത്തിനിടെ 10,000 രൂപയോളമാണ് വില വർധിച്ചത്. ഗ്രാമിന്റെ വില 100 രൂപ വർധിച്ച് 6,180 രൂപയുമായി. സ്വർണത്തിന്റെ വില വർധിച്ചത് വിവാഹ പാർട്ടികൾക്കടക്കം വൻ തിരിച്ചടിയാകും. പണിക്കൂലിയും ജിഎസ്ടിയും കൂടി വരുമ്പോൾ വില 53,000 രൂപക്കും മുകളിലാകും.
ആഗോള വിപണിയിലെ വിലവർധനവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് 2024ൽ മൂന്ന് തവണയെങ്കിലും നിരക്കു കുറയ്ക്കുമെന്ന സൂചനയാണ് സ്വർണത്തിന്റെ കുതിപ്പിന് കാരണം. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 2,200 ഡോളറിന് മുകളിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 66,778 രൂപയായി ഉയർന്നു. നിരക്ക് കുറയ്ക്കൽ നടപടികളുമായി യുഎസ് കേന്ദ്ര ബാങ്ക് മുന്നോട്ടുപോകുകയാണെങ്കിൽ സ്വർണവിലയിൽ ഇനിയും കുതിപ്പുണ്ടാകും.