കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റിക്കാർഡ് ഭേദിച്ചു. പവന് ഒറ്റയടിക്ക് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 47,560 രൂപയിലും ഗ്രാമിന് 5,945 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,935 രൂപയാണ്.
രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വർണവിലയാണ് ഇന്ന് അപ്രതീക്ഷിതമായി ഉയർന്നത്. ഇതിന് മുൻപ് 2023 ഡിസംബർ 27ന് രേഖപ്പെടുത്തിയ 47,120 രൂപയായിരുന്നു ചരിത്രത്തിലെ പവന്റെ ഏറ്റവും ഉയർന്ന വില. വർഷാരംഭത്തിൽ പവന് 46,840 രൂപയിലായിരുന്നു സ്വർണവിപണി ആരംഭിച്ചത്. ജനുവരി രണ്ടിന് വില 47,000 തൊട്ടു. എന്നാൽ 18ന് സ്വർണ വില ആ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. 45,920 രൂപയായിരുന്നു അന്നത്തെ വില. തൊട്ടടുത്ത ദിവസം വീണ്ടും 46,000 രൂപയ്ക്കു മുകളിലേക്ക് തന്നെ ഉയർന്നു. 46,400 രൂപയിലാണ് ജനുവരി 31ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.
ഫെബ്രുവരി സ്വർണ വിലയിൽ ചാഞ്ചാട്ടങ്ങൾ ദൃശ്യമായ മാസമായിരുന്നു. രണ്ടിന് രേഖപ്പെടുത്തിയ 46,640 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയർന്ന വില. 15ന് രേഖപ്പെടുത്തിയ 45,220 രൂപയാണ് ഏറ്റവും കുറഞ്ഞ വില. എന്നാൽ മാർച്ച് ആദ്യ ദിനങ്ങളിൽ തന്നെ സ്വർണവില കുത്തനെ ഉയർന്നു. പവന് 680 രൂപയാണ് ശനിയാഴ്ച മാത്രം ഉയർന്നത്. ഇതോടെ സ്വർണവില 47,000 രൂപയിലേക്കെത്തി. അഞ്ച് ദിവസംകൊണ്ട് 1,480 രൂപയാണ് വർധിച്ചത്.