കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് 75 രൂപ വർധിച്ച് 5810 ആയി. പവന് 600 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് വാങ്ങാന്‍ 46480 രൂപ കൊടുക്കേണ്ടി വരും.
ഒക്ടോബര്‍ 28 നും 29നും രേഖപ്പെടുത്തിയ പവന് 45,920 രൂപയാണ് കേരള വിപണിയില്‍ ചരിത്രത്തില്‍ പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്. മേയ് 5 ന് രേഖപ്പെടുത്തിയ 45,760 രൂപയാണ് മറ്റൊരു സമീപകാല ഉയരം. തിങ്കളാഴ്ച നിരക്കുയർന്നപ്പോൾ തന്നെ രണ്ടാമത്തെ ഉയർന്ന നിരക്കായി പവന് 45,880 രൂപ മാറി.
അനുകൂല സാഹചര്യങ്ങൾ മുതലാക്കുന്ന സ്വർണം 2,000 ഡോളറിന് മുകളിൽ സ്ഥിരത കൈവരിച്ചതിനൊപ്പം 6 മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഫെഡറൽ റിസർവ് പലിശ നിരക്ക് വർധനവിൽ നിന്ന് പിന്നോട്ടേക്കെന്ന പ്രതീക്ഷയാണ് സ്വർണത്തിന് അനുകൂലമാകുന്നത്. ഡോളർ മൂന്ന് മാസത്തെ താഴ്ന്ന നിലയിലേക്ക് നീങ്ങിയതോടെ സ്വർണം ഉയരുകയാണ്. സ്പോട്ട് ഗോൾഡ് 0.06 ശതമാനം നേട്ടത്തിൽ ഔൺസിന് 2,015.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. മെയ് 16 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം.