കൊച്ചി: അക്ഷയതൃതീയ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില രണ്ടു തവണ വര്‍ധിച്ചു. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ഗ്രാമിന് 45 രൂപയും പവന് 360 രൂപയും പിന്നീട് ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചു. ഇതോടെ ഇന്ന് ആകെ ഗ്രാമിന് 85 രൂപയുടെയും പവന് 680 രൂപയുടെയും വർധനയാണ് ഉണ്ടായത്. ഗ്രാമിന് 6,700 രൂപയും പവന് 53,600 രൂപയുമായിട്ടാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധന രേഖപ്പെടുത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5,575 രൂപയിലും പവന് 44,600 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.അക്ഷയ തൃതീയ നാളില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമെന്നാണ് പലരുടെയും വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദിവസം സ്വര്‍ണം വാങ്ങാന്‍ ജ്വല്ലറികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴരയോടെ തന്നെ ഇന്ന് ജ്വല്ലറികള്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ കുറവുണ്ടായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 52,920 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയുമാണ് രേഖപ്പെടുത്തിയത്.മാര്‍ച്ച് 29ന് ആണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. ഏപ്രിൽ 19ന് 54,500 കടന്ന് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡിട്ടു. ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായിരുന്നു അന്നത്തെ വില. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. വ്യാഴാഴ്ച വീണ്ടും കുറഞ്ഞെങ്കിലും റിക്കാര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണവില 2,352 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.49 ലുമാണ്. അതേസമയം, വെള്ളിയാഴ്ച രാവിലെ ആദ്യം വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു വിപണി വില. പിന്നീട് ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് രണ്ടുരൂപ വര്‍ധിച്ച് 90 രൂപയിലെത്തി. അതേസമയം, ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.