കണ്ണൂർ : ഗോവ-മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് കണ്ണൂരിലേക്ക് നീട്ടി. കണ്ണൂരിൽ സർവീസ് അവസാനിപ്പിച്ചിരുന്ന കെഎസ്ആർ ബംഗളൂരു എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടിയിട്ടുണ്ട് . ഉടൻ തന്നെ ഉത്തരവുണ്ടാകും.
രാവിലെ 8.30ന് മംഗളൂരുവിൽ നിന്നും എട്ട് കോച്ചുകളുമായി സർവീസ് തുടങ്ങി 1.15ന് ഗോവയിലെത്തുന്ന ക്രമത്തിലാണ് നിലവിലെ വന്ദേഭാരത് സമയക്രമം. ഗോവയിൽനിന്ന് വൈകിട്ട് 6.10ന് യാത്ര തുടങ്ങി രാത്രി 10.45ന് മംഗളൂരുവിലുമെത്തും. കണ്ണൂരിലേക്കുകൂടി നീട്ടുന്നത് ഈ ട്രെയിനാണ്. ഈ ട്രെയിനിന്റെ സമയക്രമവും സ്റ്റോപ്പുകളും ഉടൻ തന്നെ നിശ്ചയിക്കും.
കോഴിക്കോട്ടേക്ക് നീട്ടിയത് കണ്ണൂർവരെ സർവീസ് നടത്തിയിരുന്ന കെഎസ്ആർ ബംഗളൂരു 16511 നമ്പർ ട്രെയിനാണ്. ഈ ട്രെയിനിന് സ്റ്റോപ്പുണ്ടാവുക തലശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളിലാണ്. രാത്രി 9.35ന് ബംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പകൽ 11ന് കണ്ണൂരും 12.40ന് കോഴിക്കോടുമെത്തും. 16511 നമ്പർ ട്രെയിൻ വൈകിട്ട് 3.30ന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.35ന് ബംഗളൂരുവിലെത്തും.