പട്ന : ബിഹാറിലെ സരൻ ജില്ലയിൽ ബീഫ് കടത്തിയെന്നാരോപിച്ച് ഭിന്നശേഷിക്കാരനായ ട്രക്ക് ഡ്രൈവറെ മർദിച്ച് കൊലപ്പെടുത്തി. വ്യാഴം അർധരാത്രിയാണ് ജലാൽപുർ ഖേരി പകാർ മേഖലയിൽ സ്വയംപ്രഖ്യാപിത ഗോസംരക്ഷകർ മുഹമ്മദ് സഹിറുദ്ദീനെ (55) ആക്രമിച്ചത്. മെഡിക്കൽ ആവശ്യത്തിനായി മൃഗങ്ങളുടെ എല്ലുകൾ കൊണ്ടുപോയ വണ്ടിയാണ് ആക്രമിക്കപ്പെട്ടത്.
തകരാറിനെ തുടർന്ന് വാഹനം നിർത്തിയപ്പോഴാണ് സംഭവം. സഹായിയായ ഖുർഷിദ് അലി ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ ഏഴുപേർ അറസ്റ്റിലായി. മെഡിക്കൽ ആവശ്യത്തിന് എല്ലുകൾ എത്തിക്കുന്നതുപോലും കൊല്ലാനുള്ള കാരണമായി മാറിയെന്ന് ഭിന്നശേഷി സംഘടനയായ നാഷണൽ പ്ലാറ്റ്ഫോം ഫോർ ദ് റൈറ്റ്സ് ഓഫ് ദ് ഡിസേബിൾഡ് (എൻപിആർഡി) ചൂണ്ടിക്കാട്ടി.
മധ്യപ്രദേശിലും മുസ്ലിം യുവാക്കൾക്ക് ക്രൂരമർദനം
മധ്യപ്രദേശിൽ ഈദുൽ അദ്ഹ ആഘോഷത്തിനിടെ ബീഫ് കടത്തി എന്നാരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ബജ്റംഗദളുകാർ ക്രൂരമായി മർദിച്ചു. ഖാണ്ഡവയിലെ പോളിടെക്നിക്കിനു സമീപത്തുവച്ച് ബുധനാഴ്ചയാണ് ആക്രമണം.
സിഹാദ ഗ്രാമത്തിൽനിന്ന് മോട്ടോർ സൈക്കിളിലെത്തിയ രണ്ടു പേർ ഇംലിപുരയിൽനിന്ന് ഇറച്ചിയുമായി വരുമ്പോഴാണ് സംഭവം. ഇരുവരെയും തടഞ്ഞുനിർത്തി ബജ്റംഗദളുകാർ മർദിക്കുകയായിരുന്നു. തങ്ങളുടെ കൈയിലുള്ളത് ആട്ടിറച്ചിയാണെന്ന് പറഞ്ഞെങ്കിലും ബീഫാണെന്ന് ആരോപിച്ചായിരുന്നു മർദനം. പൊലീസ് സ്ഥലത്തെത്തി മർദനമേറ്റ രണ്ടുപേരെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു.
സംഭവത്തിൽ രണ്ട് കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ മർദിച്ചവർക്കെതിരെയും രസീത് കൈവശമില്ലാതെ മാംസം കൈവശംവച്ചതിന് യുവാക്കൾക്കെതിരെയും കേസെടുത്തതായി പൊലീസ് അറിയിച്ചു.