ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോ ഫസ്റ്റിന് 400 കോടി രൂപയുടെ ഇടക്കാല ധനസഹായം അനുവദിച്ചു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഡച്ച് ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവ ഉൾപ്പെടുന്ന കമ്മിറ്റി ഒഫ് ക്രെഡിറ്റേഴ്സ് (സി.ഒ.സി) വായ്പാ ദാതാക്കളാണ് വ്യോമയാന കമ്പനിയ്ക്ക് ഫണ്ട് അനുവദിച്ചത്. ബിസിനസ് പ്ലാനിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല വായ്പയെന്ന് കൺസോർഷ്യത്തിന്റെ ഭാഗമായ പ്രമുഖ ബാങ്കർ അറിയിച്ചു.
ഇത് ഉപയോഗിച്ച് പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ എയർലൈനിനാകും. നിലവിൽ 400നും 450 കോടി രൂപയ്ക്കും ഇടയിലുള്ള തുകയാണ് അനുവദിച്ചത്. പ്രത്യേക ആവശ്യങ്ങൾക്കായി ക്രെഡിറ്റ് വിൻഡോ തുറന്നിരിക്കും.വായ്പാ ദാതാക്കളുടെ യോഗത്തിൽ ഗോ ഫസ്റ്റ് അധിക ഫണ്ട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ഉണ്ടായിരുന്നു. 4 ബില്യൺ മുതൽ 6 ബില്യൺ ഇന്ത്യൻ രൂപ വരെ (122 മില്യൺ ഡോളർ) അധിക ഫണ്ടുകളാണ് ആവശ്യപ്പെട്ടത്. ജൂലായ് മുതൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനാണ് എയർലൈൻ പദ്ധതിയിടുന്നത്.
22 വിമാനങ്ങളുമായി 78 പ്രതിദിന സർവീസുകളായിരിക്കും ആദ്യഘട്ടത്തിൽ തുടങ്ങുക. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, ഐഡിബിഐ ബാങ്ക്, ഡച്ച് ബാങ്ക് എന്നിവയ്ക്ക് മൊത്തം 65.21 ബില്യൺ രൂപ ഗോഫസ്റ്റ് നൽകാനുണ്ട്.എയർലൈൻ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി നൽകേണ്ടതുണ്ട്. മെയ് ആദ്യം എയർലൈൻ ഓപ്പറേറ്റർ സ്വമേധയാ പാപ്പരത്തത്തിനും അപേക്ഷ നൽകിയിരുന്നു. ഈ മാസം ആദ്യം. എയർലൈൻ ഡി.ജി.സി.എയ്ക്ക് പുനരുജ്ജീവന പദ്ധതി സമർപ്പിച്ചിരുന്നു. ര
ണ്ട് വർഷം മുമ്പ് ഗോ ഫസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത ഗോ എയർ എയർലൈൻ, ഇന്ത്യൻ വ്യോമയാന വിപണിയുടെ 6.4 ശതമാനം നിയന്ത്രിക്കുന്നതായിരുന്നു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ആവർത്തിച്ചുള്ള പ്രശ്നങ്ങളും പ്രാറ്റ് ആൻഡ് വിറ്റ്നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടി വന്നു.