ബെംഗളൂരു: ഐപിഎല്ലിൽ നിന്ന് അവധിയെടുക്കുകയാണെന്ന് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു താരം ഗ്ലെൻ മാക്സ്വെൽ. കടുത്ത മാനസിക സമ്മർദമാണെന്നും ശാരീരികമായും മാനസികമായും താന്‍ ക്ഷീണിതനാണെന്നും മാക്സ്വെൽ പറഞ്ഞു. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമായിരുന്നു മാധ്യമങ്ങളോട് താരം ഇക്കാര്യം പറഞ്ഞത്. സൺറൈസേഴ്സിനെതിരെ മറ്റാരെയെങ്കിലും ടീമിൽ കളിപ്പിക്കാന്‍ ആര്‍സിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസിയോട് താൻ തന്നെയാണ് നിർദേശിച്ചതെന്നും താരം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം എത്ര നാൾ മാറിനിൽക്കുമെന്ന് ഓസ്ട്രേലിയൻ താരം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
‘‘പുതിയ ആരെയെങ്കിലും ശ്രമിച്ചുനോക്കാൻ കഴിഞ്ഞ കളിക്കുശേഷം ഞാൻ പരിശീലകരോടും ക്യാപ്റ്റനോടും നിർദേശിച്ചു. ചെറിയ ഇടവേളയെടുത്ത് ശരീരത്തെ ശരിയായ ദിശയിലേക്കു കൊണ്ടുവരേണ്ട സമയമാണിത്. ബാറ്റിങ്ങിൽ മികച്ച രീതിയില്‍ ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. മത്സരഫലങ്ങളും പോയിന്റ് പട്ടികയിൽ ടീമിന്റെ സ്ഥാനവും കൂടി നോക്കിയാൽ ഒരു ബ്രേക്ക് എടുക്കാനുള്ള സമയം ഇതാണെന്ന് തോന്നുന്നു. മറ്റുള്ളവർക്ക് കൂടി കഴിവ് തെളിയിക്കാനുള്ള അവസരം നൽകേണ്ട സമയമാണിത്. മറ്റാർക്കെങ്കിലും അവരുടെ സ്ഥാനം ഉറപ്പിക്കാൻ സാധിക്കട്ടെ.’’– മാക്സ്വെൽ വ്യക്തമാക്കി.
ഇതാദ്യമായല്ല മാനസിക സമ്മർദം ചൂണ്ടിക്കാട്ടി താരം ക്രിക്കറ്റിൽനിന്ന് അവധിയെടുക്കുന്നത്. മാക്സ്വെല്ലിന് ഫാസ്റ്റ് ബൗളർമാർക്കെതിരെ ബാറ്റ് ചെയ്യാൻ പോലും സാധിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ നേരത്തേ വിമർശിച്ചിരുന്നു. ആറ് മത്സരങ്ങളിൽ ഇറങ്ങിയ മാക്സ്വെൽ 32 റൺസാണ് നേടിയത്. കൊൽക്കത്തയ്ക്കെതിരെ നേടിയ 28 റൺസാണ് ഉയർന്ന സ്കോർ. മൂന്ന് വട്ടം പൂജ്യത്തിന് പുറത്തായി. ഐപിഎല്ലിൽ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ആർസിബി ആറിലും തോറ്റിരുന്നു. രണ്ട് പോയിന്റുമായി പത്താം സ്ഥാനത്താണ് ബെംഗളൂരു.