ന്യൂഡല്‍ഹി : ലൈംഗികാതിക്രമത്തിന് വിധേയമാകുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് എല്ലായ്പ്പോഴും പദാനുപദമായി വിശദാംശങ്ങള്‍ വിവരിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ബലാത്സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയാവുകയും കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്യുമ്പോള്‍ പെണ്‍കുട്ടിക്കുണ്ടാകുന്ന ആഘാതം പരിഗണിക്കാതിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. 13 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിന് ശിക്ഷിക്കപ്പെട്ട വ്യക്തി നല്കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.
ലൈംഗികാതിക്രമ കേസുകള്‍ക്ക് വിധേയമാകുന്നവര്‍ എല്ലാ തവണയും കേസിന്റെ വിശദാംശങ്ങള്‍ ഒരേ വാക്കുകളില്‍ പറയുമെന്ന് കോടതികള്‍ക്ക് പ്രതീക്ഷിക്കാനാവില്ല. കുറ്റാരോപിതര്‍ക്കും ഇരയാകുന്നവര്‍ക്കും ന്യായമായ നീതി നല്‍കുക എന്നതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിതയുടെ മൊഴികള്‍ പരിശോധിക്കുന്നത്. അല്ലാതെ വാക്കുകളുടെ കര്‍ശനമായ കൃത്യതയല്ല അവിടെ അളവുകോലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
അതിജീവിതയുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പശ്ചാത്തലം, ലൈംഗികാതിക്രമം, കുറ്റാരോപിതനായ കുഞ്ഞിന് ജന്മം നല്‍കിയത് മൂലം അവര്‍ നേരിട്ട മാനസികാഘാതം എന്നിവ ഒരു ഘട്ടത്തിലും കോടതിക്ക് അവഗണിക്കാനാവില്ല. പോക്സോ നിയമ പ്രകാരം പ്രതിക്ക് 10 വര്‍ഷം കഠിന തടവിനാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയാണ് പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
ഇരയുടെ പ്രായം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും സാക്ഷികളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നുമായിരുന്നു കേസില്‍ ശിക്ഷ ലഭിച്ച പ്രതി ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ആരോപിച്ചത്. എന്നാല്‍ സംഭവം ആരോപിക്കപ്പെടുന്ന സമയത്ത് ഇരയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന വാദം കോടതി തള്ളി. 2010ലെ സ്കൂള്‍ രേഖകള്‍ പ്രകാരം കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പരാതിക്കാരന് തന്നെ 3 തവണ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അതിജീവിത കോടതിയില്‍ പറഞ്ഞു. മാത്രമല്ല ഡിഎന്‍എ പരിശോധനാ ഫലവും കേസില്‍ നിര്‍ണായകമായി. കേസില്‍ അതിജീവിത മാത്രമല്ല അവരുടെ കുടുംബവും അതിയായ മാനസികാഘാതത്തിലും സമ്മര്‍ദത്തിലുമായി. മാത്രമല്ല ജനിച്ച കുട്ടിയും ഇത്തരം എല്ലാ ആഘാതങ്ങളേയും അതിജീവിക്കേണ്ടതുള്ളതിനാല്‍ കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടതായും വിചാരണക്കോടതിയുടെ ശിക്ഷ ശരിവെക്കുകയും ചെയ്തു.