തിരുവനന്തപുരം : തനിക്ക് അന്യമായിരുന്ന ശബ്ദങ്ങളുടെ പുതിയ ലോകത്തെത്തിയ നന്ദന നവകേരള സദസിലെത്തി നന്ദി പറഞ്ഞത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാധാരണ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്ന സങ്കടങ്ങളാണിവയെന്നും അവ കേള്‍ക്കാനും പരിഹാരം കാണാനും സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒരു പരിധിവരെ ഫലം കാണുന്നു എന്നാണ് നന്ദനയുടെ അനുഭവം നല്കുന്ന സൂചനനെയെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ മെയ് മാസത്തില്‍ ഗുരുവായൂരില്‍ നടന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിലൂടെയാണ് കേള്‍വി പരിമിതി നേരിട്ടിരുന്ന ഗുരുവായൂര്‍ സ്വദേശിനി നന്ദനയ്ക്ക് ശ്രവണ സഹായി നല്‍കിയത്. റവന്യു മന്ത്രി കെ രാജനും ജില്ലാ കലക്ടര്‍ കൃഷ്ണതേജയും ആണ് ഇടപെട്ടത്. മണപ്പുറം ഫൗണ്ടേഷന് സഹായ വാഗ്ദാനവുമായി മുന്നോട്ടു വന്നെതും മുഖ്യമന്ത്രി പറഞ്ഞു.
ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജിലെ ബികോം ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയായ നന്ദനയ്ക്ക് ജന്മനാ കേള്‍വി പരിമിതിയുണ്ടായിരുന്നു. മകള്‍ക്ക് ശ്രവണസഹായി വാങ്ങുക എന്നത് അച്ഛന് ബിനുവിന്റെ വലിയൊരു സ്വപ്നമായിരുന്നു. ചായക്കട നടത്തിയാണ് ബിനു കുടുംബം പുലര്‍ത്തുന്നത്. ഭാര്യ അസുഖ ബാധിത. നിസ്സഹായാവസ്ഥ. ആ കൊച്ചു കുടുംബത്തിന് താങ്ങാനാവുന്നതായിരുന്നില്ല 1.80 ലക്ഷം രൂപ വില വരുന്ന ശ്രവണസഹായി. അത് ഇപ്പോള്‍ നന്ദനയ്ക്ക് കിട്ടിയിരിക്കുന്നു.
തൃശൂര്‍ മുളങ്കുന്നത്തുകാവ് കിലയിലാണ് ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട 260ഓളം വ്യക്തികള്‍ പങ്കെടുത്ത നവകേരള സദസിന്റെ പ്രഭാത യോഗം ചേര്‍ന്നത്. ചലച്ചിത്ര മേഖല മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ- പുതിയ ആശയങ്ങളും അഭിപ്രായങ്ങളും യോഗത്തിന്റെ പരിമിത സമയത്തിനുള്ളില്‍ സജീവമായി ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.