ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പലതവണ കേന്ദ്ര ബിജെപി നേതൃത്വത്തില്‍ നിന്നുള്ളവര്‍ രഹസ്യമായും പരസ്യമായും കേരളത്തിലെത്തി വിവിധ ക്രൈസ്തവ മതമേലധ്യക്ഷന്മാരെ കാണുകയും പിന്തുണ തേടുകയും ചെയ്തിരുന്നു. തൃശൂരില്‍ സുരേഷ്ഗോപിയെ ജയിപ്പിക്കാന്‍ ക്രൈസ്തവ സഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാ സഭ സഹായിച്ചാല്‍ തീര്‍ച്ചയായും പ്രത്യുപകാരം ലഭിക്കുമെന്ന് തന്നെയാണ് ബിജെപി നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നത്. ആ വാക്കിനെ കത്തോലിക്കാ സഭ വിശ്വാസത്തിലെടുക്കുകയും സുരേഷ്ഗോപിയെ പാര്‍ലമെന്റിലെത്തിക്കുകയും ചെയ്തു. ഇപ്പോഴിതാ കേരള ബിജെപിയിലെ മുതിർന്ന നേതാവ് ജോര്‍ജ്ജ് കുര്യന് കേന്ദ്രമന്ത്രിയായിരിക്കുന്നു.
കോട്ടയം, കാണക്കാരി പൊയ്ക്കാരന്‍ കാലയില്‍ കുടുംബത്തില്‍ 1960 സെപ്തംബര്‍ 20 നാണ് ജോര്‍ജ്ജ് കുര്യന്റെ ജനനം. 1980 കളില്‍ ബിജെപിയുടെ തുടക്കകാലത്ത് തന്നെ വിദ്യാര്‍ത്ഥി ജനതാ നേതാവായി ബിജെപിയിലെത്തിയ ജോര്‍ജ് കുര്യന് എബിവിപിയുടെയും പിന്നീട് യുവമോര്‍ച്ചയുടെയും അഖിലേന്ത്യാ ഭാരവാഹിയായിരുന്നു. പരമ്പരാഗത റോമന്‍ കത്തോലിക്കാ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. കോട്ടയത്ത് സുറിയാനി ക്രിസ്ത്യാനിയായി ജനിക്കുന്നയാള്‍ കോണ്‍ഗ്രസോ കേരളാ കോണ്‍ഗ്രസോ ആയിരിക്കണമെന്ന പാരമ്പര്യ ‘വിധിവിശ്വാസത്തെ’യാണ് ജോര്‍ജ്ജ് കുര്യന് ലംഘിച്ചത്. നാട്ടകം ഗവ. കോളജിലും പാലാ സെന്റ് തോമസ് കോളജിലും പഠിച്ച് ബിരുദ ബിരുദാനന്തര ബിരുദം നേടിയ ശേഷം എല്‍എല്‍ബി കരസ്ഥമാക്കി അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. യുവമോര്‍ച്ച സംസ്ഥാന, അഖിലേന്ത്യാ സെക്രട്ടറി പദവികൾ, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ ജനറല്‍ സെക്രട്ടറി, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന വക്താവ്, ദേശീയ നിര്‍വ്വാഹക സമിതിയംഗം,സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങി 1980ല്‍ പാര്‍ട്ടി തുടങ്ങിയ കാലം ബിജെപിയില്‍ ജോര്‍ജ്ജ് കുര്യന് വഹിച്ച പദവികള്‍ നിരവധിയായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ ബിജെപിയുടെ കേരള ഘടകത്തിൽ ജോർജ് കുര്യന്റെ പ്രവർത്തന പാരമ്പര്യം അവകാശപ്പെടാൻ പറ്റുന്ന അധികം പേരില്ല. വിവിധ പ്രസ്ഥാനങ്ങളിൽ നിന്ന് നിരവധി പുത്തൻകൂറ്റുകാർ പാർട്ടിയിലേക്ക് എത്തുന്ന ഇക്കാലത്ത് ജോർജ് കുര്യനെപ്പോലുള്ളവരുടെ പ്രസക്തി ഏറുകയാണ്. 2004 വരെ കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യുട്ടിയായി ജോർജ് സേവനം അനുഷ്ടിച്ചു. ഇതിനിടയില്‍ സുപ്രീം കോടതി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്തു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ന്യുനപക്ഷ കമ്മീഷന് ചെയര്മാന് പദവിയിലെത്തി. മിലിറ്ററിയില്‍ നഴ്സ് ആയി വിരിമിച്ച ലഫ് കേണല്‍ അന്നമ്മയാണ് ഭാര്യ. രണ്ട് ആണ്‍കുട്ടികളാണ് ഇവര്‍ക്കുളളത്. മൂത്തയാള്‍ ആദര്‍ശ് കാനഡയിലും രണ്ടാമത്തെയാള്‍ ആകാശ് ജോര്‍ജ്ജിയയിലും വിദ്യാര്‍ത്ഥികളാണ്.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ തലപ്പൊക്കമുള്ള നേതാക്കളാണ് കേരളത്തിലെ ക്രൈസ്തവ സമുദായത്തില്‍ നിന്നും കേന്ദ്രമന്ത്രി പദവിയിൽ എത്തിയിട്ടുള്ളത്. എഎം തോമസ് മുതല്‍ എസി ജോര്‍ജ്ജും സിഎം സ്റ്റീഫനും എകെ ആന്റെണിയും അടക്കമുള്ളവര്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളായിരുന്നു. കോണ്‍ഗ്രസില്‍ നിന്നല്ലാതെ ആദ്യം കേന്ദ്രമന്ത്രിയാകുന്ന ക്രൈസ്തവൻ ഒന്നാം മോദി മന്ത്രിസഭയിലെ അല്‍ഫോണ്‍സ് കണ്ണന്താനമായിരുന്നു. ബിജെപിയുടെ രൂപീകരണ കാലത്ത് നിരവധി ക്രൈസ്തവ നേതാക്കള്‍ അഖിലേന്ത്യാ തലത്തിലും കേരളത്തിലും ബിജെപിയിലുണ്ടായിരുന്നു. വിവി അഗസ്റ്റിന്, ഡോ. റേയ്ച്ചല്‍ മത്തായി തുടങ്ങിയവര്‍ പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ വഹിച്ചവരാണ്. ആദ്യകാലത്ത് വാജ്പേയിക്കും അദ്വാനിക്കും ഉപദേശങ്ങള്‍ നല്‍കിയത് പ്രശസ്ത പത്രപ്രവര്‍ത്തകനായ ബി ജി വര്‍ഗീസായിരുന്നു.
പൊതുപ്രവർത്തനം തുടങ്ങിയ കാലം മുതൽ ബിജെപിയിൽ പ്രവർത്തിക്കുന്ന ജോർജ് കുര്യൻ എപ്പോഴും പാർട്ടിയില്‍ വിവിധ നേതാക്കള്‍ക്കിടയില്‍ ഒരു പാലം പോലെ പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടിയോടുള്ള അടിയുറച്ച കൂറ് തന്നെയായിരുന്നു ജോര്‍ജിന്റെ ശക്തി. ആദ്യവും അവസാനവും താന്‍ ബിജെപിക്കാരന് മാത്രമാണെന്ന് എപ്പോഴും തുറന്ന് പറയാറുള്ള നേതാവാണ് ജോര്‍ജ് കുര്യന്. കേരള ബിജെപിയിലെ പല നേതാക്കളും ആരോപണവിധേയർ ആയപ്പോഴും ജോർജിന് മിസ്റ്റർ ക്ലീൻ ഇമേജോടെ തുടരാൻ കഴിഞ്ഞു.
ജോര്‍ജ് മന്ത്രിസ്ഥാനത്ത് വരുന്നതോടെ ഒരു കാര്യം ഉറപ്പായി. കേരളത്തില്‍ ബിജെപിയുടെ അടുത്ത ലക്ഷ്യം നിയമസഭാ തെരെഞ്ഞെടുപ്പിലെ മികച്ച പ്രകടനമാണ്. 2026ലെ തെര ഞ്ഞെടുപ്പിനായി ബിജെപി ഇപ്പോഴേ ഒരുക്കം തുടങ്ങുകയാണ്. ക്രൈസ്തവരുടെ പിന്തുണയോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം വിശ്വസിക്കുന്നത്.
ഇടതു മുന്നണിയിൽ വീർപ്പു മുട്ടിക്കഴിയുന്ന ജോസ് കെ മാണിയുടേതടക്കമുള്ള കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. നിയമസഭയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നും കൂടുതല്‍ സ്ഥാനാര്‍ത്ഥികളും ബിജെപിക്കുണ്ടാകും. ഇടതുഭരണത്തിനെതിരെയുള്ള ജനങ്ങളുടെ കടുത്ത അതൃപ്തി യുഡിഎഫിന് മാത്രമല്ല തങ്ങള്‍ക്ക് കൂടി ഗുണമാകുമെന്ന് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. കൂടുതൽ ക്രൈസ്തവ എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നുണ്ടായാല്‍ കേരളാ കോണ്‍ഗ്രസുകളുടെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുമെന്നാണ് ബിജെപി കരുതുന്നത്. ജോര്‍ജ് കുര്യന് പാർട്ടി നൽകിയിട്ടുള്ള ദൗത്യം നിസ്സാരമല്ലെന്ന് ചുരുക്കം.
കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി ബന്ധപ്പെട്ട് ബിജെപിക്ക് ദീര്‍ഘകാല പദ്ധതികളാണുള്ളത്. കാരണം കഷ്ടിച്ച് 54% വരുന്ന ഹിന്ദുക്കളിലെ ഒരു വിഭാഗത്തിന്റെ മാത്രം വോട്ടുനേടി കേരളത്തില്‍ ഭരണം പിടിക്കാൻ കഴിയില്ലെന്ന് ബിജെപിക്കറിയാം. 18% ഉള്ള ക്രൈസ്തവ വോട്ടുകള്‍ പാർട്ടിക്ക് നിര്‍ണ്ണായകമാണ്. മാത്രമല്ല സാംസ്കാരിക,വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ മുന്നില്‍ നില്ക്കുന്ന വലിയൊരു സമുദായത്തെ തങ്ങള്‍ക്കൊപ്പം കിട്ടുക എന്ന് പറഞ്ഞാല്‍ കേരളത്തില്‍ ചരിത്രം രചിക്കാന്‍ കഴിയുക എന്നാണര്‍ത്ഥമെന്ന് ബിജെപിയുടെ ഒരു സംസ്ഥാനനേതാവ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വിവിധ ക്രൈസ്തവസഭകളെ ബിജെപിയുമായി കൂടുതല്‍ അടുപ്പിക്കുക എന്ന ദൗത്യം കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയ ജോര്‍ജ് കുര്യന് തുടരും. കാടിളക്കിയുള്ള പ്രചാരണത്തിന് ശേഷവും തമിഴ്മണ്ണിൽ കാലുറപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയുടെ പദ്ധതികൾക്ക് പ്രാധാന്യമേറെയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും നിയമസഭാ ഇലക്ഷൻ ലക്ഷ്യമാക്കിയുള്ള പാർട്ടിയുടെ തന്ത്രപരമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കാൻ സുരേഷ് ഗോപിയേക്കാൾ ബിജെപി കേന്ദ്ര നേതൃത്വം വിശ്വസിച്ച് ആശ്രയിക്കുന്നത് ജോർജ് കുര്യൻ എന്ന സീസൺഡ് പൊളിറ്റീഷ്യനെ ആയിരിക്കും