മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണു മരണവിവരം പുറത്തുവിട്ടത്. 2006ലാണ് പത്മശ്രീ പുരസ്കാരം നല്കി രാജ്യം പങ്കജ് ഉദാസിനെ ആദരിച്ചത്.
‘ചിത്തി ആയി ഹേ’, ‘ജീയേ തോ ജീയേ കൈസേ’, ചാന്ദി ജൈസ രംഗ് ഹൈ തേരാ സോനേ ജൈസെ ബാല്‍, ‘ഔര്‍ ആഹിസ്ത കിജിയേ ബാത്തേന്‍’, ‘നാ കജ്രേ കി ധര്’ ആയിയേ ബാരിഷോം കാ മോസം എന്നിവ പങ്കജ് ഉദാസിന്റെ പ്രധാനപ്പെട്ട ജനപ്രിയ ഗാനങ്ങളില്‍ ചിലതാണ്. നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കി. അവ ലോകമെമ്പാടും സംഗീതകച്ചേരികളില്‍ അവതരിപ്പിച്ചു ഹൃദയം കവര്‍ന്നു. ആര്‍ദ്രമായ ആലാപന ശൈലിയും ശബ്ദവും ആരാധകര്‍ സ്വന്തമായി കരുതി ആരാധിച്ചു.
1951 മെയ് 17ന് ഗുജറാത്തിലെ രാജ്കോട്ടിനടുത്തുള്ള ജേത്പൂരില്‍ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ഒരു ജമീന്ദാര് കുടുംബത്തിലാണ് പങ്കജ് ഉദാസിന്റെ ജനനം. കേശുഭായ് ഉദാസ് – ജിതുബേന്‍ ഉദാസ് ദമ്പതികളുടെ മൂന്ന് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു പങ്കജ്. ബോംബെയിലെ സെന്റ് സേവിയേഴ്സ് കോളേജിലായിരുന്നു പഠനം. ഉറുദു കവികളുടെ വരികള്‍ തന്റെ വേറിട്ട ശൈലിയിലൂടെ ആലപിച്ചാണ് പങ്കജ് ശ്രദ്ധനേടിയത്.