കാൻഡി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്നു ദിവസങ്ങൾക്കുമുൻപ് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ കമന്റേറ്ററായി ഗംഭീർ എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ട്രോള്‍വര്‍ഷം.
ഏഷ്യാ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഗംഭീറും കമന്റേറ്ററായി എത്തിയതോടെയാണു ദിവസങ്ങൾക്കുമുൻപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പാകിസ്താൻ പേസ് ഇതിഹാസം വസീം അക്രമിനൊപ്പം ഗംഭീർ ഇന്ത്യ-പാക് മത്സരത്തിന്റെ തത്സമയ കമന്ററി പറയുന്ന ദൃശ്യങ്ങളടക്കം ഉപയോഗിച്ചാണ് ദിവസങ്ങൾക്ക് മുൻപേ ഗംഭീർ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ ആത്മാർത്ഥത സോഷ്യൽ മീഡിയ ചോദ്യം ചെയ്യുന്നത്.സൈനികരുടെ ജീവന് ഇപ്പോൾ വിലയില്ലേ ? പണം കിട്ടിയപ്പോൾ അതൊക്കെ സൗകര്യപൂർവം മറന്നോ ? ഇത്തരത്തിലാണ് ഗംഭീർ നേരിടുന്ന വിമർശനങ്ങൾ .
ദിവസങ്ങൾക്കുമുൻപ് ഒരു അഭിമുഖ പരിപാടിയിലായിരുന്നു ഗംഭീറിന്റെ അഭിപ്രായപ്രകടനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിക്കാത്ത കാലത്തോളം പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ഒരു ക്രിക്കറ്റ് മത്സരവും ഒരു പരിപാടിയും സൈനികരുടെ ജീവിതത്തിലും പ്രധാനമല്ലെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”നിരന്തരം വിമർശിക്കപ്പെടുന്ന പോലെ ഇതിന്റെ പേരിലും എനിക്കെതിരെ വിമർശനമുണ്ടായേക്കാം. എന്നാൽ, ഒരു പരിപാടിക്കും, ഒരു ക്രിക്കറ്റ് മത്സരത്തിനു പോലും നമ്മുടെ സൈനികരുടെ ജീവിതത്തെക്കാൾ വിലയേറിയതല്ല. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുക സാധ്യമല്ല. പ്രത്യേകിച്ചും അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാകുമ്പോൾ.”-ഗംഭീർ പറഞ്ഞു. ഇരുരാജ്യങ്ങൾക്കും ശത്രുതയുടെ ഒരു നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ട്. അവർ തമ്മിലുള്ള മത്സരങ്ങൾ നിരന്തരം പ്രൊപഗണ്ടാ വേദികളായി ദുരുപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മെച്ചപ്പെടുന്നതുവരെ പാകിസ്താനെതിരെ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരവും കളിക്കരുതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.