കൊച്ചി : കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക സസ്പെൻഡ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംവിധായകരെയും സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും ഹൈബ്രിഡ് കഞ്ചാവുമായി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് ഒന്നര ഗ്രാം കഞ്ചാവും പിടിച്ചെടുത്തിരുന്നു. അറസ്റ്റ് ചെയ്തതിന് പിന്നാലെ മൂവരെയും ജാമ്യത്തില്‍ വിട്ടിരുന്നു.
അതേസമയം,സംഭവത്തില്‍ എക്സൈസും നടപടി കടുപ്പിച്ചു. ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ സമീർ താഹിറിന്റെ മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റിൽ നിന്നാണ് ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും പിടികൂടിയത്. കേസില്‍ സമീർ താഹിറിനും എക്സൈസ് നോട്ടീസ് നല്കി വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഈ ഫ്ളാറ്റില്‍ ഇടക്കിടക്ക് വരാറുണ്ടെന്നാണ് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും എക്സൈസിന് നല്കിയ മൊഴി.
ഫ്ളാറ്റിലുള്ളത് സംവിധായകരാണെന്ന് അറിയാതെയാണ് എക്സൈസ് പരിശോധനയ്ക്ക് എത്തിയത്. പ്രവാസി മലയാളിയായ ഷാലിഫ് മുഹമ്മദിനെ തേടിയായിരുന്നു എക്സൈസ് എത്തിയത്. ഇയാള്‍ ആസ്ത്രേലിയൻ മലയാളിയാണ്. ഒരുമാസം മുമ്പാണ് ഇയാൾ അവധിക്കായി കേരളത്തിലെത്തിയത്.
കൂടെയുണ്ടായിരുന്ന അഷ്റഫ് ഹംസയെയും ഖാലിദ് റഹ്മാനെയും എക്സൈസിന് തിരിച്ചറിയാൻ സാധിച്ചില്ല. എന്തു ചെയ്യുന്നെന്ന് ചോദിച്ചപ്പോൾ സിനിമയിലാണെന്നും ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ടെന്നുമാണ് ഖാലിദ് റഹ്മാൻ മറുപടി നൽകിയത്.
‘ആലപ്പുഴ ജിംഖാന’യാണ് ഖാലിദ് റഹ്മാന്റെ അവസാന സിനിമ. ‘ഉണ്ട’, ‘തല്ലുമാല’, ‘അനുരാഗ കരിക്കിൻ വെള്ളം’, തുടങ്ങിയ ഹിറ്റ് സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
‘തമാശ’,’ഭീമന്റെ വഴി’ തുടങ്ങിയ സംവിധായകനാണ് അഷ്റഫ് ഹംസ.തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.