കൊച്ചി : കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മൂന്ന് വിദ്യാർഥികൾക്ക് സസ്പെൻഷൻ. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിന് കോളജ് നാലംഗ അധ്യാപക സമിതിയെ നിയോഗിച്ചു.
ഇന്നലെ രാത്രിയാണ് എറണാകുളം കളമശേരി പോളിടെക്നിലെ ഹോസ്റ്റലിൽ നിന്ന് രണ്ടു കിലോ കഞ്ചാവും മദ്യവും പിടികൂടിയത്. എസ്എഫ്ഐ യൂണിയൻ ജനറൽ സെക്രട്ടറി അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് ഇവരെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവും മദ്യവും പിടിച്ചെടുത്തത്. ഹോസ്റ്റൽ മുറിയിൽ റെയ്ഡ് നടക്കുമ്പോൾ താൻ കോളേജിന് പുറത്തായിരുന്നുവെന്ന് അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തന്റെ മുറിയിൽ പരിശോധന നടത്തിയത് അറിയില്ലായിരുന്നു. ഹോസ്റ്റലിലേക് എത്തിയപ്പോൾ പൊലീസ് കഞ്ചാവുമായി നിൽക്കുകയായിരുന്നുവെന്നും തന്റെ മുറിയിൽ നിന്ന് ലഭിച്ചതാണെന്ന് പറഞ്ഞുവെന്നും അഭിരാജ് പറഞ്ഞു. യൂണിയന് സെക്രട്ടറിയാണെന്ന് പറഞ്ഞപ്പോള്‍ പൊലീസ് തന്നെ ഭീഷണിപ്പെടുത്തിയെന്നും അഭിരാജ് പറഞ്ഞു.