വ്യാഴാഴ്ച്ച രാത്രി വാളകം കവലയിലായിരുന്നു സംഭവം നടന്നത്. വാളകം കവലയിലുള്ള ഹോട്ടലിൽ ജീവനക്കാരിയായിരുന്ന യുവതിയുടെ വാടക വീട്ടിലാണ് അശോക് എത്തിയത്. ചെറിയ ഊരകം റോഡിനു സമീപമാണു യുവതി താമസിക്കുന്നത്. ഇതേ ഹോട്ടലിൽ ചൈനീസ് കുക്ക് ആയിരുന്നു അശോക് ദാസ്. ഇവിടെ നിന്നു പിരിഞ്ഞു പോയ ശേഷം വ്യാഴാഴ്ച യുവതിയെ കാണാനാണ് ഇയാൾ വാളകത്ത് വീണ്ടും എത്തിയത്. യുവതിക്കൊപ്പം എൽഎൽബി വിദ്യാർഥിനിയായ മറ്റൊരു യുവതിയും താമസിക്കുന്നുണ്ടായിരുന്നു. രാത്രി ഏഴോടെ യുവതി ജോലിക്കായി ഹോട്ടലിലേക്കു പോയപ്പോൾ വീട്ടിൽ നിന്നിറങ്ങിയ ഇയാൾ വീണ്ടും തിരിച്ചെത്തി.
ഈ സമയം, വീട്ടിൽ എൽഎൽബി വിദ്യാർഥിനിയായ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഭയം തോന്നിയ യുവതി ഹോട്ടലിൽ നിന്നു സുഹൃത്തായ യുവതിയെ വിളിച്ചു വരുത്തി. തുടർന്നുണ്ടായ തർക്കത്തിൽ വീട്ടിലെ അലമാരയിലെ ചില്ലുകൾ ഇയാൾ തകർത്തു. ഇതിനെ തുടർന്നു കയ്യിൽ മുറിവുണ്ടാകുകയും വീട്ടിൽ നിന്നിറങ്ങുകയും ചെയ്തുവെന്നാണു യുവതികൾ മൊഴി നൽകിയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.ഇവിടെ നിന്നു മടങ്ങുന്നതിനിടെ ഒരു സംഘം ആളുകൾ ഇയാളെ സമീപമുള്ള വീട്ടിൽ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയായിരുന്നു. കൂടുതൽ പേർ എത്തിയതോടെ ഭയന്നോടിയ അശോകിനെ ഇവർ ഓടിച്ചിട്ടു പിടികൂടി കൈകൾ പിന്നിലാക്കി ഇരുമ്പു തൂണിൽ കെട്ടിയിടുകയായിരുന്നു.
പ്രദേശത്തെ ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പു തൂണിലാണ് അശോക് ദാസിനെ നാട്ടുകാര്‍ ചേര്‍ന്നു കെട്ടിയിട്ടു മര്‍ദിച്ചത്. അവശനിലയിലായ അശോക് ദാസിനെ പൊലീസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്കു മാറ്റാനുള്ള നീക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നു. തലയിലും നെഞ്ചിലുമേറ്റ ക്ഷതമാണ് മരണകാരണമെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
യുവതിയുടെ വീട്ടില്‍ ബഹളം വച്ച് കയ്യിലും വസ്ത്രത്തിലും രക്തവുമായി എത്തിയ ആളെ സംശയം തോന്നി തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണു സംഘത്തില്‍ ഉണ്ടായിരുന്നവര്‍ പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. പെണ് സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണു 10 പേരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം അശോക് ദാസിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ് അശോക് ദാസിന്റെ ബന്ധുക്കള്‍ മൂവാറ്റുപുഴയിലേക്ക് തിരിച്ചിട്ടുണ്ട്.