തിരുവനന്തപുരം: കെ.എസ് .ആർ.ടി.സി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്കുമാർ. ഇലക്ട്രിക് ബസുകൾക്ക് കാലാവധി കുറവാണ്. ഒരു ബസ് വാങ്ങുന്ന കാശിനു നാല് സാധാരണ ബസുകൾ വാങ്ങുകയും ചെയ്യാം -ചെലവും അഴിമതിയും കുറയ്ക്കുന്നതിനാണ് പ്രാഥമീക പരിഗണന – തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചക്ക് ശേഷം ഗണേഷ് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ പത്ത് രൂപയ്ക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്കിൽ മാറ്റംവരുത്തും. കെടിഡിഎഫ്സി നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടിയുണ്ടാകും. കെഎസ്ആർടിസിയുടെ ആപ്പ് മൂന്ന് മാസത്തിനകം പുറത്തിറക്കാനുള്ള പദ്ധതിയുണ്ട്. സ്വിഫ്റ്റ് സർവീസുകൾ നിലവിൽ ലാഭത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ പൂർണമായി കന്പ്യൂട്ടറൈസേഷൻ നടപ്പാക്കും. ഗതാഗത വകുപ്പിൽ അടുക്കും ചിട്ടയും കൊണ്ടുവരും. ഒറ്റതവണയായി ജീവനക്കാർക്ക് ശന്പളം നൽകുന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.