ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. നിലവില്‍ ഐപിഎല്‍ ടീം കൊല്‍ക്കത്തയുടെ മെന്ററായ ഗംഭീര്‍ ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപിയാണ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറങ്ങാനിരിക്കെയാണ് ഗംഭീര്‍ രാഷ്ട്രീയം വിടുന്നതായി സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ വേണ്ടി രാഷ്ട്രീയം വിടുകയാണെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറ്റണമെന്ന് ജെപി നദ്ദയോട് അഭ്യര്‍ത്ഥിക്കുന്നതായും ഗംഭീര്‍ പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ അവസരം നല്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും നന്ദി പറയുന്നതായും ഗംഭീര്‍ പോസ്റ്റില്‍ പറഞ്ഞു.
2019ല്‍ 6,95,109 വോട്ടുകള്‍ക്കാണ് ഗംഭീര്‍ ജയിച്ചത്. എന്നാല്‍ ഗംഭീറിന്റെ ശൈലിയോട് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അനിഷ്ടമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഗംഭീര്‍ രാഷ്ട്രീയം വിട്ടതെന്നാണ് വിവരം. ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഡൽഹിയിൽ ഒരുമിച്ച് മത്സരിക്കുന്നതും തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നാണ് വിവരം.