ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന ബൈഡനെ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഇന്ത്യയിലെത്തും. പിന്നാലെ മറ്റ് നേതാക്കളും ഇവിടേക്ക് എത്തും. വിമാനത്താവളത്തിലെത്തുന്ന നേതാക്കളെ സ്വീകരിക്കാൻ ഉള്ള ചുമതല വിവിധ കേന്ദ്രമന്ത്രിമാർക്ക് ആണ്. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി ആൽബനിസ്, സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ തുടങ്ങിയ ലോകനേതാക്കളും ഇന്ന് ദില്ലിയിൽ എത്തിച്ചേരും.നാളെയാണ് ഉച്ചകോടി നടക്കുക.
അതേസമയം ജി ട്വന്റി ഉച്ചകോടി നടക്കാനിരിക്കെ കനത്ത സുരക്ഷയില്‍ ആണ് രാജ്യ തലസ്ഥാനം. 40 ഓളം രാഷ്ട്ര തലവന്മാര് പങ്കെടുക്കുന്ന ജി20ക്കായി പഴുതടച്ച സുരക്ഷാ ചക്രവ്യൂഹമാണ് ദില്ലിയില്‍ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രത്തലവന്മാര് സഞ്ചരിക്കുന്ന പാതകളിലും താമസിക്കുന്നയിടങ്ങളും ഉള്‍പ്പെടെ ദില്ലി പൂര്‍ണമായും സ്തംഭിക്കും. ദില്ലി വിമാനത്താവളം മുതല്‍ ജി 20 നടക്കുന്ന പ്രഗതി മൈതാന്‍ വരെ കനത്ത പൊലീസ് വലയത്തിലാണ്. ഒരു ലക്ഷത്തി മുപ്പതിനായിരം പേരെയാണ് രാജ്യതലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.