ജി സുധാകരന് എന്ന സിംഹത്തിനെ മെരുക്കാനാവാതെ ആലപ്പുഴയില്‍ സിപിഎം ഉഴറുകയാണ്. തുടര്‍ച്ചയായി രണ്ടുതവണ മല്‍സരിച്ച് ജയിച്ചവര്‍ 2021 ലെ തെരഞ്ഞെടുപ്പില്‍ മല്സരിക്കണ്ടെന്ന പിണറായിയുടെ തിട്ടൂരമാണ് ജി സുധാകരനും, ഇപി ജയരാജനും തോമസ് ഐസക്കും, എകെ ബാലനും അടക്കമുള്ള സിപിഎമ്മിലെ പുലികളെ വഴിയാധാരമാക്കിയത്. എംവി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതോടെ മേല്‍പ്പറഞ്ഞ പരിണിത പ്രജ്ഞരുടെ കട്ടയുംപടവും മടങ്ങി. ഇപി ജയരാജനെ ഇടതുമുന്നണി കണ്‍വീനറാക്കി ഒതുക്കി. ഒന്നു കുതറാന്‍ അദ്ദേഹം ശ്രമിച്ചപ്പോഴേക്കും മകന്റെ റിസോര്‍ട്ട് ബിസിനസ് കുത്തിപ്പൊക്കി അദ്ദേഹത്തെ നിശബ്ദനാക്കി. ഇതോടെ ഗതികെട്ട് ബിജെപിയില്‍ ചേക്കേറാന്‍ വരെ അദ്ദേഹം തിരുമാനിച്ചെന്നാണറിവ്. എന്നാല്‍ ഈ നീക്കത്തെയും പരാജയപ്പെടുത്താന്‍ സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിന് കഴിഞ്ഞു.
എന്നാല്‍ ജി സുധാകരനെ അങ്ങനയൊന്നും വീഴ്ത്താന്‍ കഴിയുമായിരുന്നില്ല. കേവലം ബ്രാഞ്ച് കമ്മിറ്റിയംഗം മാത്രമായിരുന്നു നിരന്തരം പിണറായിക്കെതിരെ വെല്ലുവിളിയുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ഓരോ പ്രസ്താവനയും വിവാദ പ്രസ്താവനയാകണമെന്നും താന്‍ ഉദ്ദേശിക്കുന്നത് പിണറായിയെ തന്നെ ആണെന്ന് ജനങ്ങള്‍ക്ക് തോന്നണമെന്നും അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. 2021 ലെ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ നിന്ന് മല്‍സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി എച്ച് സലാമിന് മതതീവ്രവാദികളുടെ പിന്തുണയുണ്ടെന്ന് വരെ തെരഞ്ഞെടുപ്പ് സമയത്ത് സുധാകരന് പറഞ്ഞു കളഞ്ഞു. അവസാനം പിണറായി നേരിട്ട് വിളിപ്പിച്ചാണ് സുധാകരനെ തല്‍ക്കാലത്തേക്ക് ഒതുക്കി നിര്‍ത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനു തിരിച്ചടിയേറ്റതോടെ ജി സുധാകരന്റെ വിമര്‍ശനം കൂടുതല്‍ കടുത്തു. ആയിരം സിംഹങ്ങളെ ഒരു കഴുത നയിക്കുന്നതിനെക്കാള് നല്ലതാണ് ആയിരം കഴുതകളെ ഒരു സിംഹം നയിക്കുന്നതെന്ന സുധാകരന്റെ പഴംചൊല്ല് കേട്ടപ്പോള്‍ തന്നെ മുന ആരുടെ നേര്‍ക്കാണ് എന്ന് എല്ലാവര്ക്കും വ്യക്തമായിരുന്നു. അതോടൊപ്പം നരേന്ദ്രമോദി ശക്തനായ ഭരണാധികാരിയാണെന്നും മോദി സര്‍ക്കാരില്‍ അഴിമതിയില്ലെന്നുമുള്ള സുധാകരന്റെ പ്രസ്താവന ചില്ലറ തലവേദനയൊന്നുമല്ല പാര്‍ട്ടിക്കുണ്ടാക്കിയത്. അതിന് മറുപടി പറയാന്‍ സമയം കിട്ടുന്നതിന് മുമ്പ് തന്നെ അടുത്തത് വന്നു, പൊളിറ്റിക്കല്‍ ക്രിമിനലുകൾ രാഷ്ട്രീയത്തില്‍ കിടന്ന് പുളക്കുകയാണെന്നായിരുന്നു ആലപ്പുഴയിലെ ചില സിപിഎം നേതാക്കളെ ഉദ്ദേശിച്ചുകൊണ്ട് ജി സുധാകരന് പറഞ്ഞത്. മാത്രമല്ല കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റുപാര്‍ട്ടി പിറവിയെടുത്ത ആലപ്പുഴയിലെ ഇടങ്ങളില്‍ പോലും പാര്‍ട്ടി മൂന്നാമതായെന്നും സിപിഎം കോട്ടകളില്‍ വലിയ വിള്ളലാണ് ഉണ്ടായിരിക്കുന്നതെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ഇതോടെ നേതൃത്വത്തിന് ഇരിക്കപ്പൊറുതിയില്ലാതായി. ബ്രാഞ്ച് കമ്മിറ്റിയംഗമായത് കൊണ്ട് സംസ്ഥാന കമ്മിറ്റിക്ക് നേരിട്ട് വിളിച്ച് ശാസിക്കാനോ തിരുത്താനോ കഴിയുകയുമില്ല.
പിണറായി വിജയന് പാര്‍ട്ടി സെക്രട്ടറിയായതിന് ശേഷം അദ്ദേഹത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ച പ്രമുഖ നേതാക്കളില്‍ പ്രഥമസ്ഥാനീയനാണ് ജി സുധാകരന്. വിഎസിന്റെ കോട്ടയായിരുന്ന ആലപ്പുഴയെ പിണറായിയുടെ കൈകളിലേക്ക് കൊടുത്തത് ജി സുധാകരനായിരുന്നു. അതിന് മുമ്പ് വിഎസ് അച്യുതാനന്ദന്റെ അരുമശിഷ്യനായിരുന്നു സുധാകരന്. താന്‍ വെട്ടുംതടയും പഠിച്ചത് വിഎസില്‍ നിന്നാണെന്ന് തുറന്ന് പറഞ്ഞിട്ടുള്ളയാളുമാണ് അദ്ദേഹം. പിണറായിക്ക് വേണ്ടി വിഎസിന്റെ കോട്ടകളെ മുഴുവന്‍ വെട്ടിനിരത്തിയപ്പോള്‍ ജി സുധാകരന് ആലപ്പുഴയിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവായി മാറി. ഇന്നത്തെ മന്ത്രി സജിചെറിയാനൊക്കെ അക്കാലത്ത് ജി സുധാകരന്റെ ചെല്ലം ചുമട്ടുകാരായിരുന്നു.എന്നാല്‍ കാലം മാറിയപ്പോള്‍ സജി ചെറിയാന് ആലപ്പുഴയിലെ പാര്‍ട്ടിയില്‍ പ്രമാണിയും, ജി സുധാകരന് വെറും ബ്രാഞ്ച് അംഗവുമായി.
തന്റെ പ്രസക്തി ഒരിക്കലും പാര്‍ട്ടിയില്‍ ഇല്ലാതാകില്ലന്ന് കരുതിയ ജി സുധാകരന് ഏറ്റ വലിയ രണ്ട് ആഘാതങ്ങളായിരുന്നു കഴിഞ്ഞ തവണ നിയമസഭാ സീറ്റ് നല്‍കാതിരുന്നതും, പ്രായാധിക്യം പറഞ്ഞ് സംസ്ഥാന കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതും. ഇതിന് രണ്ടിനും പിന്നില്‍ ഒരു കാലത്ത് താന്‍ ആരാധിച്ചിരുന്ന പിണറായി തന്നെയാണെന്നത് സുധാകരനെ പ്രകോപിതനാക്കി. പ്രകോപിതനായ സുധാകരന് അപകടകാരിയാണെന്ന് പിണറായിയേക്കാള്‍ അറിയുന്ന ആരും ഇല്ല. അതുകൊണ്ട് തന്നെ സുധാകരനെ തൊടേണ്ട എന്ന് തന്നെയാണ് പിണറായി നല്‍കിയിരിക്കുന്ന നിര്‍ദേശം. സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ കമ്മിറ്റി മറുപടി പറഞ്ഞാല്‍ മതിയെന്നും സംസ്ഥാന നേതൃത്വത്തിലെ ആരും ഇടപെടെണ്ടാ എന്നും പിണറായി നിര്‍ദേശിച്ചു. ഒരു രീതിയിലും മെരുക്കാന്‍ കഴിയാത്ത ആളാണ് സുധാകരന് എന്നറിയാവുന്ന പിണറായി ഇപ്പോള്‍ സുധാകരനെതിരെ കൈക്കൊള്ളുന്ന തന്ത്രം അവഗണിച്ചു അപ്രസക്തനാക്കുക എന്നതാണ്