ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന് പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍ അലങ്കരിക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. തനിക്ക് ആ വയസ്സാവുന്നതിന് മുന്‍പെ എഴുതിക്കൊടുത്ത് ഒഴിവായതായും ജി സുധാകരന് പറഞ്ഞു. ഹരിപ്പാട് സിബിസി വാര്യര്‍ അവാര്‍ഡ് ദാന ചടങ്ങിലായിരുന്നു സുധാകരന്റെ പ്രസംഗം.
കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കാനേ പ്രായപരിധിയുള്ളു. എന്നാല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രായപരിധിയുണ്ടെന്ന് ചിന്തിക്കുന്ന കുറച്ച് പേര് ആലപ്പുഴയില്‍ ഉണ്ട്. സൂക്ഷിച്ചാല്‍ കൊള്ളാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. തനിക്ക് ആ പ്രായപരിധി ആയിട്ടില്ലെന്നും സുധാകരന് പറഞ്ഞു. ‘സ്ഥാനം വെറുതെ കിട്ടില്ല. പ്രവര്‍ത്തിക്കണം. പ്രവര്‍ത്തിച്ചിട്ടും സ്ഥാനം ലഭിച്ചില്ലെങ്കില്‍ ചോദ്യം ചെയ്യണം. പ്രവര്‍ത്തിച്ച പലര്‍ക്കും സ്ഥാനം ലഭിച്ചിട്ടില്ല. അത് യാഥാര്‍ഥ്യമാണ്. സ്ഥാനം വരികയും പോകുകയും ചെയ്യും. സ്ഥിരമായി നില്ക്കുന്നതല്ല സ്ഥാനം. പ്രായപരിധി എന്നത് കമ്മിറ്റിയില്‍ നിന്ന് മാറാനെയുള്ളൂ. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് എന്തു പ്രായപരിധി?, അതിന് പ്രായപരിധി ഒന്നുമില്ല. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്. സൂക്ഷിച്ചാല്‍ കൊള്ളാം.’- സുധാകരന് പറഞ്ഞു
‘പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രായപരിധിയില്ല. മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ചില സ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. എനിക്ക് ആ വയസ്സാവുന്നതിന് മുന്‍പെ എഴുതിക്കൊടുത്ത് ഒഴിവായി .’- സുധാകരന് വ്യക്തമാക്കി. ‘ആലപ്പുഴയുടെ ചരിത്രം ഒരു തിരശ്ശീല കൊണ്ടൊന്നും മൂടാന്‍ കഴിയില്ല. ആലപ്പുഴ പോലെ ത്യാഗം ചെയ്ത ജില്ലകള്‍ കുറവാണ്. ത്യാഗം എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. പുന്നപ്ര വയലാര്‍ സമരം അടക്കം വിവിധ പ്രക്ഷോഭങ്ങളില്‍ സ്വന്തം കാര്യം നോക്കാതെ പോരാടിയ ചരിത്രമാണ് ആലപ്പുഴയ്ക്കുള്ളത്. ആ ചരിത്രത്തിന്റെ ദീപശിഖ ഉയര്‍ത്തി പിടിച്ച് മുന്നേറുന്നവരാണ് നമ്മള് ഓരോരുത്തരും.’- സുധാകരന് ഓര്‍മ്മിപ്പിച്ചു.