തിരുവനന്തപുരം : കൈതോലപ്പായയിൽ പണം കൊണ്ടുപോയെന്ന ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരന്റെ ആരോപണത്തിൽ പോലീസ് അന്വേഷണം. കോൺഗ്രസ് നേതാവ് ബെന്നി ബഹ്നാൻ നൽകിയ പരാതിയിലാണ് അന്വേഷണം.
ഡിജിപിക്ക് നൽകിയ പരാതി തിരുവനന്തപുരം ഡിസിപി അജിത് കുമാർ അന്വേഷിക്കും. സാമൂഹിക മാധ്യമങ്ങൾ വഴി അപമാനിക്കുന്നുവെന്ന കെ. സുധാകരന്റെ പരാതിയും ഡിസിപിക്ക് കൈമാറിയിട്ടുണ്ട്. സിപിഎമ്മിന് എതിരായ പരാതികൾ അന്വേഷിക്കുന്നില്ലെന്ന രാഷ്ട്രീയ വിമർശനം ശക്തമായിരിക്കെയാണ് കോൺഗ്രസ് നേതാക്കളുടെ പരാതികളിൽ അന്വേഷണത്തിനുള്ള നിർദേശം.
കൈതോലപ്പായയിൽ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്നാണ് ശക്തിധരന്റെ ആരോപണം. കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്നായിരുന്നു ജി ശക്തിധരന്റെ ആരോപണം. ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഗുരുതര ആരോപണം ഉന്നയിച്ചത്.
പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു . ആരോപണം ഉയർന്നതിന് പിന്നാലെ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ പരാതി നൽകി.