തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് അന്വേഷിക്കുക ജി. പൂങ്കുഴലി ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം. ബംഗാളി നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരിട്ട് വന്നില്ലെങ്കിൽ ഓൺലൈനായി രേഖപ്പെടുത്തും.
ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ കൊച്ചി നോർത്ത് പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. തിങ്കളാഴ്ച്ച വൈകീട്ടോടെയാണ് നടി സിറ്റി പോലീസ് പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. 2009ൽ സിനിമയുടെ ചർച്ചയ്ക്കായി കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തി ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ സ്പർശിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അവർ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. സംഭവം നടന്നതിന് അടുത്ത ദിവസം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് പറഞ്ഞിരുന്നതായും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാൻ സഹായിച്ചത് അദ്ദേഹമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സംഭവം നടന്ന സ്റ്റേഷൻ പരിധിയിലാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം ഹേമ കമ്മിറ്റിയിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ ആദ്യയോഗവും ഇന്ന് ചേരും.