കേരളത്തിലെ ബിജെപിക്ക് ഇപ്പോഴും സംശയമുണ്ട് ബിഡിജെഎസ് എന്ന ഘടകകക്ഷിയെക്കൊണ്ട് എന്തെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായോ എന്ന്. പല ബിജെപി നേതാക്കളും രഹസ്യമായി സമ്മതിക്കുന്ന ഒരു കാര്യമാണ് വെള്ളാപ്പള്ളി നടേശന് എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുളള കാലം വരയേ ഭാരതീയ ധര്‍മ്മ ജനസേന എൻഡിഎ മുന്നണിയിലുണ്ടാകൂ എന്നത്. കാരണം ഭാവിയിൽ ഈഴവ വോട്ടുകള്‍ കിട്ടാന്‍ ആ സമുദായത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആവശ്യമില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. എന്നാല്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ സര്‍വ്വാധികാരിയായിരിക്കുന്ന കാലത്തോളം ബിഡിജെഎസിനെ ഒരു ബാധ്യത പോലെ കൊണ്ടുനടക്കേണ്ടിയും വരും.
ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥനെക്കുറിച്ച് ഇപ്പോള്‍ തന്നെ അവിടുത്തെ ബിജെപി പ്രവര്‍ത്തകരുടെ ഇടയില്‍ അപസ്വരങ്ങളുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രക്ഷോഭം നടത്തുമ്പോള്‍ ഇടതുമുന്നണി സംഘടിപ്പിച്ച നവോത്ഥാന മതിലില്‍ പങ്കെടുത്തയാളാണ് സംഗീതയെന്നാണ് ആരോപണം. അതുകൊണ്ട് അവരെ പിന്തുണക്കാന്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് അവിടുത്തെ ബിജെപിക്കാര്‍ പറയുന്നു.
ബിഡിജെഎസിനെ മധ്യകേരളത്തിലെ നാല് ലോക്സഭാ സീറ്റുകളില്‍ ഒതുക്കി നിര്‍ത്താന്‍ ഇത്തവണ ബിജെപി നേതൃത്വത്തിന് കഴിഞ്ഞു. കഴിഞ്ഞ തവണ തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ മല്‍സരിച്ചിരുന്നു. അതോടൊപ്പം തൃശൂര്‍ സീറ്റിന് വേണ്ടിയും ആദ്യഘട്ടത്തില്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്തവണ അത്രക്കൊന്നും പോകേണ്ടെന്നും തരുന്നത് വാങ്ങിയാൽ മതിയെന്നുമായിരുന്നു ബിജെപി അഖിലേന്ത്യാ നേതൃത്വത്തിന്റെ കടുത്ത നിലപാട്. അതു കൊണ്ട് തുഷാറിന് കോട്ടയത്ത് നില്‍ക്കേണ്ടി വന്നു. ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നീ സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
വടക്കന്‍ കേരളത്തില്‍ ബിജെപിയുടെ ശക്തമായ വോട്ടുബാങ്കാണ് ഈഴവ സമുദായം. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആ സമുദായത്തിൽപ്പെട്ടവരാണ്. എന്നാല്‍ വടക്കൻ കേരളത്തിൽ ബിഡിജെഎസിനെ അടുപ്പിക്കാതിരിക്കാൻ ബിജെപി ശ്രദ്ധിച്ചു. പിസി ജോര്‍ജ്ജിനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന വെള്ളാപ്പള്ളിയുടെയും മകന്റെയും നിര്‍ബന്ധം ബിജെപി നേതൃത്വം അംഗീകരിച്ചതുകൊണ്ട് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കേണ്ടാ എന്നൊരു താക്കീതും ബിജെപി കേന്ദ്രനേതൃത്വം കൊടുത്തിരുന്നു.
ബിഡിജെഎസ് പിന്തുണ തങ്ങള്‍ക്ക് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെന്ന തിരിച്ചറിവ് ബിജെപിക്കുണ്ടെങ്കിലും കേരളത്തിലെ എന്‍ഡിഎയില്‍ അല്‍പ്പം ജനപിന്തുണയുള്ള ഏക ഘടകകക്ഷി ബിഡിജെഎസ് ആണ്. ചില മുന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ രൂപമെടുക്കുമെന്ന് കരുതിയ ക്രൈസ്തവ പാര്‍ട്ടി മണിപ്പൂര്‍ കലാപത്തെ തുടര്‍ന്ന് ചാപിള്ളയായി പോയത് ബിജെപിയുടെ എന്‍ഡിഎ വിപുലീകരണ മോഹങ്ങളെ തകർത്തു. തൽക്കാലം കേരളത്തിലെ എന്‍ഡിഎയില്‍ ബിജെപി കഴിഞ്ഞാല്‍ ആളനക്കമുളള പാര്‍ട്ടി ബിഡിജെഎസ് മാത്രമാണ്.
2016 ലെ നിയമസഭാ തെരെഞ്ഞെടുപ്പിലാണ് ബിഡിജെഎസ് ഔദ്യോഗികമായി എൻഡിഎയുടെ ഭാഗമാകുന്നത്. അന്ന് ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വം കരുതിയത് ബിഡിജെഎസ് പിടിക്കുന്ന വോട്ടുകളെല്ലാം സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആയിരിക്കുമെന്നാണ്. അതുകൊണ്ട് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈഴവരുടെ പാർട്ടി വരുന്നത് ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെട്ടു. എന്നാല്‍ നേരെ തിരിച്ചാണ് സംഭവിച്ചത്. വെള്ളാപ്പള്ളിക്കെതിരെ വിഎസ് അച്യുതാനന്ദനെക്കൊണ്ട് കടുത്ത നിലപാട് എടുപ്പിക്കുകയും അതുവഴി ന്യൂനപക്ഷവോട്ടുകള്‍ തങ്ങളുടെ പെട്ടിയിലാക്കാനും സിപിഎമ്മിന് കഴിഞ്ഞു. എന്നാൽ ബിഡിജെഎസ് കൊണ്ടുപോയ ഈഴവ വോട്ടുകള്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന് കിട്ടിക്കൊണ്ടിരുന്നവയായിരുന്നു.
ഹിന്ദുക്കള്‍ക്കിടയിലെ എല്ലാ സാമുദായിക വിഭാഗങ്ങളിലെയും നേതാക്കൾ ആ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നെങ്കിലും അവസാനം അത് എസ്എന്‍ഡിപിയുടെ സ്വന്തം രാഷ്ട്രീയപാര്‍ട്ടിയായി മാറുന്ന അവസ്ഥയിലേക്കെത്തി. ഇതും ബിജെപി നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. പാർട്ടി നേതാവ് തുഷാർ വെള്ളാപ്പള്ളിയാവട്ടെ ഇതുവരെ ഒരു മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് എത്തിയിട്ടുമില്ല. ഏതായാലും ബിഡിജെഎസ് എന്ന രാഷ്ട്രീയകക്ഷിയെ താല്പര്യമില്ലെങ്കിലും ചുമക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ കേരളത്തിലെ ബിജെപി