ഇന്ത്യയിലെ സ്റ്റാർട്ട് അപ്പുകളുടെ മോഡലായിട്ടായിരുന്നു ബൈജൂസ് കമ്പനിയെ അടുത്തിടെ വരെ വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസറായും 2022 ഫുട്ബോൾ ലോകകപ്പിന്റെ അംബാസിഡറായും ബൈജൂസ് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. ഒരു വർഷം മുമ്പ് 17,545 കോടി രൂപ ആസ്തിയുണ്ടായിരുന്ന ബൈജു രവീന്ദ്രന്റെ നിലവിലെ ആസ്തി പൂജ്യമാണ്. ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024 അനുസരിച്ചാണിത്.
2011-ൽ ആരംഭിച്ച ബൈജൂസ്, 2022-ൽ 22 ബില്യൺ ഡോളറിൻ്റെ ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറുകയായിരുന്നു. ബെംഗളൂരുവിൽ തന്റെ സുഹൃത്തുക്കൾക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കെയാണ് ആപ്പ് എന്ന ആശയത്തിലേക്ക് മാറുന്നത്. ബൈജൂസ് ലേണിംഗ് ആപ്പ് വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ മാറ്റി മറിച്ചു. പ്രൈമറി സ്കൂൾ മുതൽ എംബിഎ വരെയുള്ള വിദ്യാർത്ഥികളെ ലളിതമായ രീതിയിലൂടെ പഠനത്തിന്റെ പുതിയ വഴികൾ തുറന്ന് നൽകി. ഭാവി ഓൺലൈൻ വിദ്യഭ്യാസത്തിന്റെതാണെന്നറിഞ്ഞ ആഗോള കമ്പനികളും ബൈജൂസിൽ വൻ നിക്ഷേപം നടത്തി.
ഇന്ത്യയിൽ സ്മാർട്ട്ഫോണും ഇന്റർനെറ്റും ചെലവ് കുറഞ്ഞ് ലഭ്യമായതോടെ കൂടുതൽ പേരിലേക്ക് ബൈജൂസ് എത്തി. മാത്രമല്ല ലയണൽ മെസ്സി, ഷാരൂഖ് ഖാൻ, മോഹൻലാൻ തുടങ്ങിയ പ്രമുഖർ ഇതിന്റെ പ്രൊമോട്ടർമാരായി എത്തിയതോടെ ബൈജൂസിന്റെ വളർച്ച അതിവേഗമായി. കോവിഡ് കാലഘട്ടമായിരുന്നു ബൈജൂസ് അടക്കമുള്ള ഓൺലൈൻ എഡ്ടെക് സ്ഥാപനങ്ങൾക്ക് വലിയ നേട്ടം സമ്മാനിച്ചത്. ക്ലാസ് റൂമുകളിൽ നിന്ന് വീടുകളിലേക്ക് വിദ്യാർത്ഥികൾ ചുരുങ്ങിയതോടെ പഠനത്തിന് ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചു. ബിസിനസ് അതിവേഗം വളർന്നതോടെ കൂടുതൽ സ്ഥാപനങ്ങളെ ഏറ്റെടുക്കുകയും കൂടുതൽ പേരെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു..
പക്ഷെ കോവിഡ് കഴിഞ്ഞതോടെ ബിസിനസിൽ തിരിച്ചടി നേരിടാൻ തുടങ്ങി. ഏറ്റെടുത്ത സ്ഥാപനങ്ങൾ ലാഭത്തിലല്ലാതാകുകയും അമേരിക്കയിലടക്കം ബൈജൂസിനെതിരെ കേസെടുക്കുകയും ചെയ്തതോടെ നിക്ഷേപകരും പിൻവാങ്ങാൻ തുടങ്ങി. 2022 മാർച്ച് സാമ്പത്തിക വർഷത്തിൽ ബൈജൂസ് 1 ബില്യൺ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തി. ജീവനക്കാരെ പിരിച്ചുവിട്ട് നഷ്ടം നികത്താൻ ശ്രമിച്ചെങ്കിലും അതും പരാജയമായി. ബൈജൂസിന്റെ സി.ഇ.ഒ സ്ഥാനത്തുനിന്ന് ബൈജു രവീന്ദ്രനെ പുറത്താക്കണമെന്ന് ഓഹരി ഉടമകൾ ആവശ്യപ്പെട്ടതോടെ കമ്പനിക്കുള്ളിലും തർക്കം രൂക്ഷമാകുകയും വിഷയം കോടതിയിലെത്തുകയും ചെയ്തു. ചെലവ് പരിധി വിട്ടതോടെയാണ് ഹെഡ് ക്വാർട്ടേഴ്സ് ഒഴിച്ച് മറ്റ് ഓഫീസുകൾ ഒഴിയാനും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകാനും തീരുമാനിച്ചത്. കൂടുതൽ നിക്ഷേപം ആകർഷിച്ച് കമ്പനിയെ മുന്നോട്ട് കൊണ്ട് പോകുമെന്ന് ബൈജു രവീന്ദ്രൻ പറയുമ്പോഴും അത് എങ്ങനെയെന്നുള്ളതിലാണ് ജീവനക്കാർക്കും നിക്ഷേപകർക്കും ആശങ്കയുള്ളത്.