പറഞ്ഞു പരത്തുന്ന ആത്മവിശ്വാസമൊന്നും നരേന്ദ്രമോദിക്കും സംഘത്തിനുമില്ലെന്ന സൂചനകളാണ് ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്തോറും പുറത്തുവരുന്നത്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും അതില്‍ നിന്നും ബലമായി പണം തട്ടിയെടുക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സോണിയ ഗാന്ധിയും രാഹുലും മല്ലികാർജുന ഖാർഗെയും വാർത്താ സമ്മേളനത്തിൽ ആരോപിക്കുന്ന അവസ്ഥ വരെയായി കാര്യങ്ങൾ. തെരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി കോണ്‍ഗ്രസിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ് മോദിയും സര്‍ക്കാരും നടത്തുന്നതെന്നാണ് ഇവർ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
എന്താണ് ഇതിന് പിന്നിലുളള വസ്തുത ?
കര്‍ണ്ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് കാര്യമായി ഫണ്ട് വരുന്നുണ്ടെന്ന് ബിജെപിക്കറിയാം. എന്നാല്‍ ആ പണം ഒരു കാരണവശാലും തെരഞ്ഞെടുപ്പ് രംഗത്തിറക്കരുതെന്നാണ് ബിജെപിയുടെ വാശി. 1994-95, 2017-18 കാലഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തതില്‍ പിഴവുകളുണ്ടെന്ന് കാണിച്ചാണ് ഇന്‍കംടാക്സ് വകുപ്പ് ഇപ്പോള്‍ രണ്ടു നോട്ടീസുകള്‍ കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മുഴുവന്‍ മരവിപ്പിക്കാനുള്ള നീക്കമാണ് മോദിയും ബിജെപിയും നടത്തുന്നത്. പ്രചാരണത്തിന് പോലും പണമില്ലാത്ത അവസ്ഥയാണ് കോണ്‍ഗ്രസിപ്പോള്‍ നേരിടുന്നതെന്നും എഐസിസി ട്രഷര്‍ അജയ് മാക്കന് പറയുന്നു. രാഷ്ട്രീയപാര്‍ട്ടികളെ ആദായനികുതിയില്‍ നിന്നും ഒഴിവാക്കിയ രാജ്യം കൂടിയാണ് ഇന്ത്യ എന്നുമോര്‍ക്കണം.
കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് ബോധ്യമായതോടെയാണ് ആരോഗ്യകരമായി മോശം അവസ്ഥയിലായിട്ട് പോലും സോണിയാഗാന്ധി മല്ലികാര്‍ജ്ജുന ഖാര്‍ഗെക്കും രാഹുല്‍ഗാന്ധിക്കുമൊപ്പം വാർത്താസമ്മേളനത്തില്‍ പങ്കെടുത്തത്. ബിജെപിയുടെ സാമ്പത്തിക ഏകാധിപത്യമാണ് ഇന്ത്യയില്‍ നടക്കുന്നതെന്നാണ് അവര്‍ തുറന്നടിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും പണമിറക്കാന്‍ സാധിക്കാതെ വരുന്ന തരത്തില്‍ ഒരുതരം സാമ്പത്തിക അടിയന്തിരാവസ്ഥ കോൺഗ്രസ്സിൽ അടിച്ചേല്‍പ്പിക്കാനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്. പ്രതിപക്ഷസഖ്യത്തില്‍ കോണ്‍ഗ്രസ് ഒഴികെ മറ്റെല്ലാവരും ഏറെക്കുറെ പ്രാദേശിക പാര്‍ട്ടികളാണ്. അവരെ ബിജെപി അത്രക്ക് ഭയപ്പെടുന്നില്ല. കാരണം അവര്‍ക്ക് ദേശീയതലത്തില്‍ സ്ഥാനാര്‍ത്ഥികളില്ല. അവരവരുടെ ശക്തികേന്ദ്രങ്ങളില്‍ മാത്രമാണ് ഈ പാര്‍ട്ടികള്‍ മല്‍സരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥികള്‍ 28 സംസ്ഥാനങ്ങളിലും ആറു കേന്ദ്രഭരണ പ്രദേശങ്ങളിലും മല്‍സരരംഗത്തുണ്ട്. അതുകൊണ്ട് പണത്തിന്റെ സോഴ്സുകള്‍ അടഞ്ഞുപോയാല്‍ ആ പാര്‍ട്ടിയുടെ പ്രചാരണയന്ത്രം ചലിക്കില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം.
സോണിയാഗാന്ധി പറയും പോലെ പൊതുജനങ്ങളില്‍ നിന്നും പിരിച്ച പണം പോലും കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ വലിയ പ്രതിസന്ധിയാവും ഉണ്ടാവുക. ഇലക്ടറല്‍ ബോണ്ട് വഴിയും അല്ലാതെയും ബിജെപി ആയിരക്കണക്കിന് കോടി രൂപയാണ് ശേഖരിച്ചുവച്ചിരിക്കുന്നത്. അതുകൊണ്ട് ബിജെപിയെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് പ്രചാരണം ആയാസരഹിതമായ ഒരു കാര്യമാണ്. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അവസ്ഥ അതല്ല. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ പ്രാദേശിക നേതൃത്വത്തിന് ഫണ്ട് കണ്ടെത്താന്‍ കഴിഞ്ഞേക്കും. എന്നാല്‍ വളരെ നാളുകളായി ഭരണത്തില്‍ നിന്നും അകന്ന് കഴിയുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്കൊപ്പം സഖ്യകക്ഷിയായി മല്‍സരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനായി പണം നല്കാന് കഴിഞ്ഞില്ലങ്കില്‍ വലിയ രാഷ്ട്രീയ തിരിച്ചടി തന്നെയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്.
‘പാര്‍ട്ടിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളൊന്നും ചെയ്യാന്‍ കഴിയുന്നില്ല, ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെയോ പ്രവര്‍ത്തകരെയോ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ട് മാസം മുമ്പാണ് ഈ നടപടി. ഇതുമൂലം ഇലക്ഷൻ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിന് ഒരുമാസമാണ് നഷ്ടമായത്’, രാഹുല്‍ഗാന്ധി പറയുന്നു. കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയുടെ ആഴമെത്രയുണ്ടെന്ന് ഇതിൽ നിന്നും ആര്‍ക്കും മനസിലാക്കാന്‍ കഴിയും.
രാജ്യത്തെ പ്രധാന പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടിയെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് വിലക്കുന്നതിനു തുല്യമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക എന്നത്. റഷ്യയില്‍ വ്ളാദിമിര്‍ പുട്ടിന് പ്രതിപക്ഷത്തെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുവദിക്കില്ല. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായതുകൊണ്ടും ശക്തമായ ഭരണഘടനയുള്ളതുകൊണ്ടും ഇവിടെ അത് സാധിക്കുന്നില്ല. അപ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാനും പ്രചാരണം നടത്താനുമുള്ള പണത്തിന്റെ സോഴ്സ് അടച്ചുകളയുക എന്ന തന്ത്രമാണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന പേരുമാത്രമേ ഇപ്പോള്‍ ഇന്ത്യക്കുള്ളൂവെന്ന് പറയുന്നത് അതിശയോക്തിയല്ലെന്നാണ് ഈ സംഭവങ്ങളൊക്കെ സൂചിപ്പിക്കുന്നത്.