ഇംഫാല്‍: സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരില്‍ നടക്കുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കക്കാച്ചിങ് ജില്ലയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ 80കാരിയായ ഭാര്യയെ അക്രമിസംഘം വീട്ടിനുള്ളിലിട്ട് ചുട്ടുകൊന്നു. സെറോ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്.
മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം ആദരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിങിന്റെ ഭാര്യയെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. ചുരാചന്ദ് നേരത്തെ മരിച്ചിരുന്നു. അക്രമകാരികള്‍ എത്തിയപ്പോള്‍ ചുരാചന്ദ് സിങിന്റെ ഭാര്യ ഇബേതോംബി വീടിനുള്ളില്‍ ആയിരുന്നു. ഇവരെ പുറത്തിറങ്ങാന്‍ സമ്മതിക്കാതെ വീട് പൂട്ടിയ സംഘം, പെട്രോള്‍ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു.
മുത്തശ്ശിയെ രക്ഷിക്കാന്‍ ശ്രമിച്ച ചെറുമകന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തു. കൈയ്ക്ക് വെടിയേറ്റ താന്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് 21കാരനായ പ്രേമാഖണ്ഡ പറഞ്ഞു. മെയ് 28നാണ് സംഭവം നടന്നതെന്നാണ് വിവരം. തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരെയാണ് സെറോ ഗ്രാമം. മെയ് മൂന്നിന് ആരംഭിച്ച വംശീയ കലാപം ഏറ്റവുംകൂടുതല്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് ഈ ഗ്രാമം. ഇവിടുത്തെ ഏകദേശം എല്ലാ വീടുകളും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു.