തിരുവനന്തപുരം : ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ തീരുമാനമായി. ഓട്ടോറിക്ഷയുടെ ഫിറ്റ്നസ് പരിശോധനയിൽ ഈ സ്റ്റിക്കർ നിർബന്ധമാക്കും.
ഇക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യും. ഫെബ്രുവരി ഒന്ന് മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് ഗതാഗത കമ്മീഷണർ എച്ച് നാഗരാജു അറിയിച്ചു. ബസ് ഡ്രൈവർമാർ, വാഹനമോടിക്കുന്നതിനിടെ ഉറങ്ങുന്നുണ്ടോ എന്ന് പരിശോധിച്ച് മുന്നറിയിപ്പ് അലാം നൽകുന്ന ഉപകരണം സ്ഥാപിക്കണമെന്ന നിർദേശവും യോഗം ശുപാർശ ചെയ്തു.
ഡ്രൈവറുടെ കണ്ണുകൾ അടഞ്ഞു പോകുന്നുവെങ്കിൽ കണ്ടെത്തി മുന്നറിയിപ്പ് നൽകുന്ന കാമറകൾ ഘടിപ്പിക്കുന്ന ഉപകരണമാണിത്. ഡാഷ് ബോർഡിൽ കാമറകൾ സ്ഥാപിക്കും. ഡ്രൈവറുടെ സീറ്റിന്റെ പിന്നിൽ കർട്ടൻ നിർബന്ധമാക്കും.