തൃശൂര്‍: മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പേരും ചിത്രവും ഉപയോഗിച്ച് തട്ടിപ്പുനടത്തിയെന്ന പരാതിയില്‍ ഐഎന്‍എല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍-റൂറല്‍ ഹൗസിങ് ഡെവലപ്മെന്റ് ക്ലസ്റ്റര്‍ സൊസൈറ്റി വഴി 10 പേരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ആക്ഷേപം.
ചുവന്നമണ്ണ് സ്വദേശി ഇമ്മട്ടി ടിന്റോ പീച്ചി പൊലീസില്‍ നല്കിയ പരാതിയിലാണ് ഐഎന്‍എല്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. പലിശരഹിത ഭവനപദ്ധതിയുടെ പേരില്‍ സൊസൈറ്റി വഴിയായിരുന്നു തട്ടിപ്പ്. സൊസൈറ്റി ചെയര്മാന് ജെയിന് ജോസഫ്, സെക്രട്ടറി സീനത്ത്, ഡയറക്ടര്‍മാരായ ഷബിത, ഷെയ്ക്ക് സാലിഫ്, ഇന്ദിരാ കുട്ടപ്പന്, ബഫീക്ക് ബക്കര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇതില്‍ ബഫീക്ക് ബക്കര്‍ ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.
സ്ഥലം ഉള്‍പ്പെടെ വീട് പണിതു നല്കുന്ന പദ്ധതിയാണെന്ന് വിശ്വസിപ്പിച്ചാണ് പരാതിക്കാരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍, ഒന്നര വര്‍ഷമായി യാതൊരു പണികളും നടത്താത്തതിനെത്തുടര്‍ന്നാണ് പരാതിയുമായി ആളുകള്‍ രംഗത്തെത്തിയത്. തട്ടിപ്പിനിരയായ മറ്റ് ഒമ്പതുപേരും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.പൂവന്‍ചിറ കാരക്കുഴിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം സൊസൈറ്റിക്ക് ഉണ്ടെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പരാതിക്കാര്‍ വില്ലേജ് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ പ്രദേശവാസികളായ മൂന്നുപേരുടെ കൂട്ടുകൈവശത്തിലും ഉടമസ്ഥതയിലുമുള്ള ഭൂമിയാണ് സൊസൈറ്റി തങ്ങളുടെ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ചതെന്ന് കണ്ടെത്തി.
മൊത്തം പദ്ധതിച്ചെലവിന്റെ നാലിലൊരുഭാഗം അപേക്ഷകര്‍ കൊടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതിക്കാരുടെ കൈയില്‍നിന്ന് പണം വാങ്ങിയത്. കഴിഞ്ഞവര്‍ഷം രണ്ടു തവണയായി മൂന്നുലക്ഷത്തി അയ്യായിരം രൂപ വാങ്ങിച്ചതായി പരാതിക്കാര്‍ പറയുന്നു. പണം തിരികെ ചോദിച്ചതിന് ടിന്റോയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.