ബെർലിൻ: യൂറോകപ്പ് ക്വാർട്ടർ ഫൈനലിൽ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ട് പോര്‍ച്ചുഗല്‍ പുറത്ത്. ഷൂട്ടൗട്ടില്‍ 5-3 നാണ് ഫ്രാന്‍സിന്റെ ജയം.നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകൾക്കും ഗോൾ നേടാൻ കഴിയാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. കളിയുടെ തുടക്കം മുതൽ ഇരു ടീമും ആക്രമിച്ചു മുന്നേറിയെങ്കിലും ഗോളുമാത്രം പിറന്നില്ല.
20-ാം മിനിറ്റില്‍ ഫ്രാന്‍സ് ഗോളിനടുത്തെത്തി. തിയോ ഹെര്‍ണാണ്ടസിന്റെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി ഡിയാഗോ കോസ്റ്റ തട്ടിയകറ്റി. കൗണ്ടര്‍ അറ്റാക്കുകളിലൂടെ പോര്‍ച്ചുഗലും ഫ്രഞ്ച് ഗോള്‍മുഖത്ത് ഇരച്ചെത്തിക്കൊണ്ടിരുന്നു.50-ാം മിനിറ്റില്‍ എംബാപ്പെയുടെ ഷോട്ട് പോര്‍ച്ചുഗല്‍ ഗോളി കോസ്റ്റ കൈയിലൊതുക്കി. അവസാനമിനിറ്റുകളില്‍ ഇരുടീമുകളും വിജയഗോളിനായി ആക്രമണം കടുപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പിന്നാലെ മത്സരം അധികസമയത്തേക്ക് നീണ്ടു.
അധികസമയത്തും ഗോൾ പിറക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷൂട്ടൗട്ടിൽ പോർച്ചുഗൽ താരം ജോവ ഫെലിക്സ് കിക്ക് പാഴാക്കിയപ്പോൾ ഫ്രാൻസിന്റെ അഞ്ചു കിക്കുകളും ലക്ഷ്യത്തിലെത്തി.ഫ്രാൻസിനായി ഡെംബലെ, ഫൊഫാന, കൗണ്ടെ, ബാർകോള, തിയോ ഹെർണാണ്ടസ് എന്നിവർ കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. പോർച്ചുഗലിനായി റൊണാൾഡോ, ബെർണാഡോ സിൽവ, നുനീ മെൻഡസ് എന്നിവരും വലകുലുക്കി.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോകപ്പ് മത്സരമായിരുന്നു ഇത്. സെമിയിൽ ഫ്രാൻസ് സ്പെയിനെ നേരിടും.