ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആലപ്പുഴയിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന് ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലപ്പുഴ നഗരസഭാ കൗൺസിലർ എ.ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ എം.സത്യപാലൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റിയംഗങ്ങളായ സി.കെ.സദാശിവൻ, ടി.കെ.ദേവകുമാർ,വി.വി.അശോകൻ, ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരെ ഏരിയാ കമ്മിറ്റിയിലേയ്ക്കും തരംതാഴ്ത്തി. മൂന്ന് ഏരിയാ സെക്രട്ടറിമാരെയും, 27ഏരിയാ കമ്മിറ്റി അംഗങ്ങളെയും ഉൾപ്പെടെ ലോക്കൽ കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി.
ആലപ്പുഴ നോർത്ത്, സൗത്ത്, ഹരിപ്പാട് ഏരിയാ കമ്മിറ്റികളാണ് പിരിച്ചു വിട്ടത്. നോർത്ത്, സൗത്ത് ഏരിയാ കമ്മിറ്റികളുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബുവിനും ഹരിപ്പാടിന്റെ ചുമതല കെ.എച്ച്.ബാബുജാനും നൽകും. സെക്രട്ടേറിയറ്റ് തീരുമാനങ്ങൾക്ക് ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റി അംഗീകാരം നൽകും. ജില്ലാ സെക്രട്ടറി ആർ.നാസറിനെയും മന്ത്രി സജി ചെറിയാനെയും അനുകൂലിക്കുന്ന ഗ്രൂപ്പുകൾ വിഭാഗീയ പ്രവർത്തനം നടത്തിയെന്ന് കമ്മിഷൻ കണ്ടെത്തിയിരുന്നു.
ഇന്നലെ സെക്രട്ടേറിയറ്റ് യോഗത്തിലും ചേരി തിരിഞ്ഞ് വിമർശനമുണ്ടായി. ഹരിപ്പാട്, ആലപ്പുഴ നോർത്ത്, സൗത്ത്, തകഴി ഏരിയാ കമ്മിറ്റികളിലെ വിഭാഗീയത മുൻ മന്ത്രി ടി.പി.രാമകൃഷ്ണൻ, പി.കെ.ബിജു എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. തകഴി ഏരിയാ കമ്മിറ്റിക്ക് ക്ളീൻചിറ്റ് നൽകി. ചില ലോക്കൽ കമ്മിറ്റികൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് സൂചനയുണ്ട്.